റഷ്യയുടെ യുക്രൈൻ ആക്രമണ പശ്ചാത്തലത്തിൽ രാജ്യ സുരക്ഷ പരിഗണിച്ച് നാറ്റോയിൽ ചേരാനൊരുങ്ങി ഫിൻലാൻഡ്. നിലവിലെ ദേശീയ സുരക്ഷാ നയത്തെക്കുറിച്ചുള്ള വിശദമായ ചർച്ചകൾക്ക് ശേഷമാണ് തീരുമാനം. നാറ്റോയിൽ അംഗത്വം എടുക്കുന്ന കാര്യം ഫിന്‍ലാൻഡ് പ്രസിഡന്‍റ് സൗലി നിസ്റ്റോയും സന്ന മരിനും സംയുക്തമായി അറിയിച്ചു. നാറ്റോ അംഗത്വത്തിന് ഉടൻ അപേക്ഷ നൽകുമെന്നും ഇരുവരും വ്യക്തമാക്കിയിട്ടുണ്ട്.
നാറ്റോ വികസനമാണ് യുക്രൈൻ അക്രമിക്കാൻ റഷ്യയെ പ്രേരിപ്പിച്ചത്. യുക്രൈൻ നീക്കം രാജ്യ സുരക്ഷയെ ബാധിക്കുന്നത് കൊണ്ട് കൂടിയാണ് അധിനിവേശമെന്ന് റഷ്യ പലവട്ടം ആവർത്തിച്ചിരുന്നു. യുക്രൈനെ ആക്രമിക്കാൻ തയ്യാറായ റഷ്യ തങ്ങളെയും ഏതു നിമിഷവും ആക്രമിച്ചേക്കുമെന്ന ഭീതിയിലാണ് ഇപ്പോൾ ഫിൻലാൻഡ്. നാറ്റോ അംഗത്വത്തിന് അപേക്ഷിക്കാനുള്ള ഫിൻലാൻഡ് നീക്കത്തെ നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബർഗ് അഭിനന്ദിച്ചു.
ഫിൻലാൻഡ് നാറ്റോയുടെ ഭാഗമാവുന്നത് വൻ ഭീഷണിയാണെന്നും നടപടിയുണ്ടാവുമെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയ വക്താവ് ദിമിത്രി പെസ്കോവ് പ്രതികരിച്ചു. 1300 കിലോമീറ്റർ ദൂരം ഫിൻലാൻഡുമായി റഷ്യ പങ്കിടുന്നുണ്ട്.
ഫിൻലാൻഡിനു പുറമേ സ്വീഡനും നാറ്റോയിൽ അംഗമാവാനുള്ള നീക്കം സജീവമാക്കിയിട്ടുണ്ട്. നോർഡിക്ക് രാജ്യങ്ങളായ ഫിൻലാൻഡിനെയും സ്വീഡനെയും റഷ്യ അക്രമിച്ചാൽ ശക്തമായി എതിർക്കുമെന്നും സഹായമെത്തിക്കുമെന്നും ബ്രിട്ടൻ നിലപാട്.