തന്റെ ദുഃഖവും പ്രാർത്ഥനയും നാടിനോടുള്ള അനുശോചനവും ദുബായ് ഭരണാധികാരി പ്രകടിപ്പിച്ചത് ഒരു കവിതയിലൂടെയാണ്. യുഎഇ പ്രസിഡന്റ് ആയിരുന്ന ഷെയ്ഖ് ഖലീഫയുടെ വിയോഗം താങ്ങാൻ പറ്റുന്ന ഒരു സാഹചര്യം എല്ലാവർക്കും ഉണ്ടാകട്ടെ എന്ന് പറയുന്നതോടൊപ്പം ഷെയ്ഖ് ഖലീഫയ്ക്ക് നിത്യമായ സ്വർഗ്ഗപ്രവേശനം ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയും കവിതയിലൂടെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ്സ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നൽകുകയാണ്.
നിത്യ സ്വർഗ്ഗം എന്നർത്ഥമുള്ള ”Eternal Paradise” എന്ന തലക്കെട്ടാണ് ഷെയ്ഖ് മുഹമ്മദ് ഈ കവിതയ്ക്ക് നൽകിയിരിക്കുന്നത്. ദൈവത്തിൽ നിന്നുള്ള അനുഗ്രഹം ഷെയ്ഖ് ഖലീഫയ്ക്ക് ഉണ്ടാകട്ടെ എന്നും ആശംസിക്കുന്നു. തന്റെ ഗുരുനാഥനെയാണ് (Mentor) നഷ്ടമായിരിക്കുന്നതെന്നും അദ്ദേഹം എല്ലാവർക്കും എപ്പോഴും നേരിട്ട് ചെന്ന് അഭിപ്രായങ്ങൾ പറയാനും ചോദിക്കാനും പറ്റിയ വ്യക്തിത്വമായിരുന്നെന്നും കവിതയിലൂടെ ഷെയ്ഖ് മുഹമ്മദ് ഓർമ്മിപ്പിക്കുന്നു.
അബുദാബി ഭരണാധികാരിയായ ഹിസ് ഹൈനസ്സ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് എല്ലാ വിധ പിന്തുണയും ഷെയ്ഖ് മുഹമ്മദ് ഈ കവിതയിലൂടെ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഷെയ്ഖ് ഖലീഫയുടെ പാതയിലൂടെ രാജ്യത്തെ നയിക്കാൻ ഹിസ് ഹൈനസ്സ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് കഴിയട്ടെ എന്ന ആശംസയും ഐക്യദാർഢ്യവും കവിതയിലൂടെ ദുബായ് ഭരണാധികാരി കൈമാറിയിരിക്കുകയാണ്.