മരിയുപോളിൽ ഇതുവരെ 1730 യുക്രെയ്ൻ സൈനികർ കീഴടങ്ങിയതായി റഷ്യ അറിയിച്ചു. ഇവരെ യുദ്ധത്തടവുകാരായി രേഖപ്പെടുത്തിയാണു ഉരുക്കുഫാക്ടറിയിൽനിന്ന് ഒഴിപ്പിച്ചത്. കീഴടങ്ങിയ സൈനികരുടെ പേരും വിവരങ്ങളും മനുഷ്യാവകാശ സംഘടനയായ റെഡ് ക്രോസിന്റെ പ്രവർത്തകർ ശേഖരിക്കുന്നുണ്ട്. ഫാക്ടറിയിലുണ്ടായിരുന്ന അസോവ് ബറ്റാലിയൻ അംഗങ്ങളിൽ പകുതിപ്പേരും കീഴടങ്ങിയതായാണു റിപ്പോർട്ടുകൾ.
യുക്രെയ്ൻ തലസ്ഥാനമായ കീവിൽ യുഎസ് എംബസി പ്രവർത്തനം പുനരാരംഭിച്ചു. യുക്രെയ്നിലേക്കുള്ള പുതിയ യുഎസ് അംബാസഡറായി ബ്രിജറ്റ് ബ്രിങ്കിന്റെ നാമനിർദേശം സെനറ്റ് അംഗീകരിച്ചു.