യുഎഇയിൽ പുതിയ മന്ത്രിമാരുടെ നിയമനം ഉൾപ്പെടെ രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ ചില പ്രധാന മാറ്റങ്ങൾ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.
പുതിയ വിദ്യാഭ്യാസ മന്ത്രിയായി ഇനി അഹമ്മദ് ബെൽഹൂൽ അൽ ഫലാസി പ്രവർത്തിക്കുമെന്ന് ഷെയ്ഖ് മുഹമ്മദ് ഇന്ന് ഞായറാഴ്ച ട്വിറ്ററിൽ കുറിച്ചു. പൊതുവിദ്യാഭ്യാസ, ഭാവി സാങ്കേതികവിദ്യാ സഹമന്ത്രിയായി സാറ അൽ അമീരിയെയും നിയമിച്ചു.
സ്ഥാനമൊഴിയുന്ന വിദ്യാഭ്യാസ മന്ത്രി ഹുസൈൻ ബിൻ ഇബ്രാഹിം അൽ ഹമ്മാദി, സഹമന്ത്രി ജമീല അൽ മുഹൈരി എന്നിവർക്ക് യുഎഇ വൈസ് പ്രസിഡന്റ് നന്ദിയും പറഞ്ഞു. പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിയാലോചിച്ച ശേഷമാണ് തീരുമാനമെടുത്തതെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.