എണ്ണ ചോർച്ചയെ തുടർന്ന് താൽക്കാലികമായി അടച്ചിട്ടിരുന്ന ഷാർജയിലെയും ഫുജൈറയിലെയും കൽബയിലെയും ബീച്ചുകൾ വീണ്ടും തുറന്നു.
രണ്ട് എമിറേറ്റുകളിലെയും ബന്ധപ്പെട്ട അധികാരികൾ എണ്ണ ചോർച്ചയെത്തുടർന്നുണ്ടായ ദുരന്തബാധിത ബീച്ചുകൾ വൃത്തിയാക്കിയിരുന്നു.
വാരാന്ത്യത്തിൽ ചില ബീച്ചുകളെ ബാധിക്കുന്ന എണ്ണ ചോർച്ചയെക്കുറിച്ച് മത്സ്യത്തൊഴിലാളികൾ അറിയിച്ചതായി ഫുജൈറ പരിസ്ഥിതി അധികൃതർ പറഞ്ഞു. തുടർന്ന് ഷാർജ അധികൃതരെ ഇക്കാര്യം അറിയിച്ചിരുന്നു. സന്ദർശകർ നീന്തുന്നത് തടയാൻ കൽബ മുനിസിപ്പാലിറ്റി പ്രദേശത്തെ ബീച്ചുകളിൽ ചെങ്കൊടിയും ഉയർത്തിയിരുന്നു.
ഈ എണ്ണ ചോർച്ചകളിൽ ടാങ്കറുകളിൽ നിന്നുള്ള ക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച എണ്ണ ഉൽപന്നങ്ങളായ ഗ്യാസോലിൻ, ഡീസൽ, ഏതെങ്കിലും തരത്തിലുള്ള പെട്രോളിയം എന്നിവ ഉൾപ്പെട്ടിട്ടുണ്ടാകുമെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഇത്തരം എണ്ണ ചോർച്ച പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്നും അവ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തണമെന്നും അവർ കൂട്ടിച്ചേർത്തു. ഈ ചോർച്ചയ്ക്ക് കാരണമാകുന്ന കപ്പലുകൾക്ക് കടുത്ത ശിക്ഷ നൽകണമെന്നും അവർ പറഞ്ഞു.