അബുദാബിയിൽ ജീവനക്കാരുടെ ജോലിസ്ഥലത്തെത്തി വിസ സ്ക്രീനിംഗ് സേവനങ്ങൾ ലഭ്യമാക്കുന്ന പുതിയ മൊബൈൽ വിസ സ്ക്രീനിംഗ് ക്ലിനിക്ക് ആരംഭിച്ചു.
പുതിയ മൊബൈൽ ക്ലിനിക്കിൽ നിന്ന് വലിയ കമ്പനികൾക്ക് പ്രയോജനം ലഭിക്കും, ഇത് ജീവനക്കാർക്ക് അവരുടെ ജോലിസ്ഥലത്ത് എത്തി വിസ സ്ക്രീനിംഗ് സേവനങ്ങൾ നൽകും, അതായത് ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്ന സമയം കുറയ്ക്കും. ഓരോ കമ്പനിയുടെയും ആവശ്യങ്ങൾക്ക് അനുസൃതമായി ഞങ്ങൾ മൊബൈൽ ക്ലിനിക് പ്രവർത്തിപ്പിക്കുകയും 24 മണിക്കൂറും അല്ലെങ്കിൽ ആവശ്യമെങ്കിൽ വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും പ്രവർത്തിക്കുകയും ചെയ്യും.
ഈ മൊബൈൽ വിസ സ്ക്രീനിംഗ് ക്ലിനിക്കിൽ രണ്ട് പരിശോധനാ മുറികൾ, രണ്ട് എക്സ്റേ മുറികൾ, രക്ത ശേഖരണ മുറി, 12 കസേരകളുള്ള രണ്ട് കാത്തിരിപ്പ് കേന്ദ്രങ്ങൾ എന്നിവയുമുണ്ട്. രജിസ്ട്രേഷൻ മുതൽ പരിശോധന, രക്തം ശേഖരണം, എക്സ്-റേ എന്നിവയടക്കമുള്ള മുഴുവൻ നടപടിക്രമത്തിനും 15 മുതൽ 30 മിനിറ്റ് വരെ എടുക്കും.
കോർപ്പറേഷനുകൾക്കായുള്ള (വലിയ കമ്പനികൾ) വിസ സ്ക്രീനിംഗ് സേവനങ്ങളിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുന്നതിനുള്ള നിരന്തര ശ്രമങ്ങൾക്ക് അനുസൃതമായാണ് ഈ സംരംഭമെന്ന് യുഎഇയിലെ ഏറ്റവും വലിയ ആരോഗ്യ സംരക്ഷണ ശൃംഖലയായ അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (Seha) പറഞ്ഞു.