ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ രാവിലെ 10 മണിക്കായിരുന്നു കൂടിക്കാഴ്ച. ഭാഗ്യലക്ഷ്മിക്കൊപ്പമാണ് നടി സെക്രട്ടേറിയറ്റിലെത്തിയത്. പത്തുമിനുട്ടോളം കൂടിക്കാഴ്ച നീണ്ടുനിന്നു. കേസന്വേഷണവുമായി ബന്ധപ്പെട്ട തന്റെ ആശങ്കകളും പരാതികളും നടി മുഖ്യമന്ത്രിയെ അറിയിച്ചതായാണ് സൂചന.
കേസ് അന്വേഷണം അട്ടിമറിക്കാൻ ഉന്നത രാഷ്ട്രീയ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ നടി ഹർജി നൽകിയത് വിവാദമായിരിക്കെയാണ് കൂടിക്കാഴ്ച. സർക്കാറിലെ ഉന്നതരുടെ സഹായത്തോടെ ദിലീപ് കേസ് അട്ടിമറിക്കുന്നുവെന്നും തട്ടിക്കൂട്ട് കുറ്റപത്രം നൽകി കേസ് അവസാനിപ്പിക്കാൻ നീക്കമുണ്ടെന്നുമാണ് നടി ഹർജിയിൽ പറയുന്നത്.
എന്നാൽ നടിയുടേത് അനാവശ്യ ആശങ്കയാണെന്നും, ഇരയെ വിശ്വാസത്തിലെടുത്താണ് ഇതുവരെ കേസ് നടത്തിയതെന്നും സർക്കാരിന് വേണ്ടി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു.നടിയുടെ ആക്ഷേപത്തിൽ സർക്കാർ വെള്ളിയാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്ന് കോടതി നിർദേശിച്ചു.