കോവിഡ് മൂലം മാതാപിതാക്കൾ മരിച്ച കുട്ടികൾക്ക് വേണ്ടിയുള്ള ധനസഹായം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. കുട്ടികളുടെ ഭാവി ജീവിതത്തിലും സഹായമായി പിഎം കെയർ ഫണ്ട് ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസത്തിന് ലോൺ നൽകും, മാസം 4000 രൂപ വീതം ദൈനംദിന ആവശ്യങ്ങൾക്കും നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കോവിഡ് കാലത്ത് ഇന്ത്യ ലോകത്തിന് മുന്നിൽ ഒരു പ്രശ്നമായി മാറിയില്ല, മറിച്ച് ലോകത്തിന് ആശ്വാസമായി മാറിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഏറ്റവും പ്രതിസന്ധി കാലത്തും ആത്മവിശ്വാസം അർപ്പിച്ചാല്‍ പ്രതീക്ഷയുടെ വെളിച്ചം തെളിയും. അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് നമ്മുടെ രാജ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പദ്ധതി പ്രകാരം കേരളത്തിൽ നിന്നുള്ള 112 കുട്ടികൾക്ക് സഹായം ലഭിക്കും. ഈ കുട്ടികൾക്ക് പാഠപുസ്തകങ്ങൾ, യൂണിഫോം എന്നിവ സൗജന്യമായി നൽകും. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക് ഫീസ് മടക്കി നൽകും. പദ്ധതിയുടെ ഭാഗമായി ബന്ധുക്കളോടൊപ്പം താമസിക്കുന്ന കുട്ടികൾക്ക് പ്രതിമാസം 4000 രൂപയും നൽകും. ഇത്തരത്തിൽ 10 ലക്ഷം രൂപ വരെ ഓരോ കുട്ടിക്കും നൽകാനാണ് തീരുമാനം.