മലപ്പുറത്ത് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം ഭക്ഷ്യവിഷബാധയുണ്ടായെന്ന് ആരോപിച്ച് പണം തട്ടുന്ന 5 പേർ പോലീസിന്റെ പിടിയിലായി. വേങ്ങരയിലെ ഒരു ഹോട്ടല്‍ പൂട്ടിച്ച ഇവർ മറ്റൊന്ന് പൂട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ഹോട്ടലില്‍ നിന്ന് ബ്രോസ്റ്റഡ് ചിക്കന്‍ കഴിച്ച ശേഷം അവസാനത്തെ കഷ്ണം ചൂണ്ടിക്കാട്ടി ഇതിന് പഴകിയ രുചിയുണ്ടെന്ന് ആരോപിച്ച് പരാതി നല്‍കാതിരിക്കാന്‍ 40,000 രൂപ ആവശ്യപ്പെട്ട വേങ്ങര സ്വദേശികളായ സംഘമാണ് പോലീസ് പിടിയിലായത്. പുതുപറമ്പില്‍ വീട്ടില്‍ ഇബ്രാഹിം കുട്ടി, അബ്ദുള്‍ റഹ്മാന്‍, റമീസ്, മണ്ണില്‍ വീട്ടില്‍ സുധീഷ് , നസീം എന്നിവരാണ് അറസ്റ്റിലായത്.
വേങ്ങരയിലെ മറ്റൊരു ഹോട്ടല്‍ മൂന്നാഴ്ച മുന്‍പ് പൂട്ടിച്ചതിൻ്റെ ഉത്തരവാദിത്തവും ഇതേ സംഘം ഏറ്റെടുത്തു. തുടര്‍ന്ന് വിവരം വേങ്ങരയിലെ ഹോട്ടല്‍ ഉടമകള്‍ മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസിനു നല്‍കിയ പരാതിയില്‍ മലപ്പുറം ഡിവൈഎസ്പിയുടെ നിര്‍ദേശാനുസരണം മലപ്പുറം ഇന്‍സ്‌പെക്ടര്‍ ജോബി തോമസ്, എഎസ്ഐമാരായ സിയാദ് കോട്ട, മോഹന്‍ദാസ്, ഗോപി മോഹന്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ ഹമീദലി, ഷഹേഷ്, ജസീര്‍, വിക്ടര്‍, സിറാജ്, ആരിഫ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
ബ്രോസ്റ്റഡ് ചിക്കന്‍ കഴിച്ച ശേഷം പഴകിയ രുചിയുണ്ടെന്ന് ആരോപിച്ച് നഷ്ടപരിഹാരമായി 40,000 രൂപ ആവശ്യപ്പെട്ടെങ്കിലും വിലപേശലിന് ശേഷം 25,000 രൂപ നല്‍കിയാല്‍ പരാതി നല്‍കില്ലെന്ന് ഹോട്ടല്‍ ഉടമയെ അറിയിച്ചു. സമൂഹമാധ്യമങ്ങളില്‍ ഹോട്ടലിനെതിരെ വ്യാജപ്രചാരണം നടത്തുമെന്നും ഇവർ ഭീഷണി മുഴക്കി. ഈ കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.