അമേരിക്കയിൽ ആശുപത്രി കാമ്പസിലെ തുൾസ മെഡിക്കൽ കെട്ടിടത്തിലുണ്ടായ വെടിവെപ്പിൽ നിറയൊഴിച്ചയാളുൾപ്പെടെ 5 പേർ കൊല്ലപ്പെട്ടു.
തുൾസയിലെ സെന്റ് ഫ്രാൻസിസ് ആശുപത്രിക്ക് സമീപമുള്ള നതാലി മെഡിക്കൽ കെട്ടിടത്തിൽ ഇന്നലെ ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
വെടിയുതിർത്തയാൾ സ്വയം നിറയൊഴിച്ച് മരിച്ചെന്നും ഇയാളുടെ കൈവശം റൈഫിളും കൈത്തോക്കുമുൾപ്പടെ മാരകായുധങ്ങൾ ഉണ്ടായിരുന്നതായും യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അക്രമി ആരെയെങ്കിലും പ്രത്യേകമായി ലക്ഷ്യമിട്ടിരുന്നോയെന്ന് വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും തുൾസ പൊലീസ് ഡിപ്പാർട്ട്മെന്റ് ഡെപ്യൂട്ടി ചീഫ് എറിക് ഡാൽഗ്ലീഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംഭവത്തെ തുടര്ന്ന് സെന്റ് ഫ്രാൻസിസ് ആശുപത്രി അടച്ചിട്ടു. കൂടാതെ മേഖലയിൽ ഗതാഗതം റദ്ദാക്കിയതായും അധികൃതർ അറിയിച്ചു.
അടുത്ത ആഴ്ചകളിൽ രാജ്യത്തുടനീളമുള്ള മാരകമായ കൂട്ട വെടിവയ്പ്പിലെ ഏറ്റവും പുതിയതാണ് ഈ സംഭവമെന്ന് പോലീസ് പറഞ്ഞു.
എട്ട് ദിവസം മുമ്പ് സെമി ഓട്ടോമാറ്റിക് റൈഫിൾ കൈവശം വച്ച 18 വയസുകാരൻ ടെക്സാസിലെ പ്രാഥമിക വിദ്യാലയത്തിൽ 19 കുട്ടികളെയും രണ്ട് അധ്യാപകരെയും കൊലപ്പെടുത്തിയിരുന്നു.