ഇന്ത്യയിൽ കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വിമാന യാത്രക്കാർക്കായി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഡിജിസിഎ. എല്ലാ യാത്രക്കാര്‍ക്കും മാസ്ക് നിര്‍ബന്ധമാക്കിക്കൊണ്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
വിവിധ സംസ്ഥാനങ്ങളിൽ വർദ്ധിച്ചുവരുന്ന കൊറോണ വൈറസ് കേസുകൾ കണക്കിലെടുത്താണ് ഡിജിസിഎ ഈ തീരുമാനം കൈക്കൊണ്ടത്. ഏവിയേഷൻ റെഗുലേറ്റർ ബോഡി ബുധനാഴ്ചയാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.
വിമാനത്തിൽ മാസ്ക് ധരിക്കാത്ത യാത്രക്കാരെ നിയമ ലംഘകരായി കണക്കാക്കുമെന്നും യാത്ര ചെയ്യാന്‍ അനുവദിക്കില്ല എന്നും വിമാനം പുറപ്പെടും മുന്‍പ് ഇവരെ പുറത്താക്കുമെന്നും ഡിജിസിഎ പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു.
ഇന്ത്യയിൽ 93 ദിവസത്തിനുശേഷം പ്രതിദിന കോവിഡ് വ്യാപനം 5000 കടന്നു. ബുധനാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ 5233 പേർക്കാണ് രോഗം റിപ്പോർട്ടുചെയ്തത്.