ദുബായ് ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ ഈ വർഷം 18 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. ആദ്യപാദം 54,887 അപേക്ഷകൾ ലഭിച്ചെന്ന് ആർടിഎ ഡ്രൈവിങ് ലൈസൻസ് വിഭാഗം മേധാവി അഹമ്മദ് മഹ്ബൂബ് അറിയിച്ചു. ഓരോ വർഷവും ക്രമാനുഗത വർധനവ് രേഖപ്പെടുത്തുന്നുണ്ട്. 2020നെ അപേക്ഷിച്ച് കഴിഞ്ഞവർഷം 32% ആണ് വർധിച്ചത്.
ഡ്രൈവിങ് ടെസ്റ്റിൽ ജയിക്കുന്നവരുടെ എണ്ണത്തിലും വർധനയുണ്ട്. 2019ൽ 36% ജയിച്ചെങ്കിൽ 2020ൽ 41% ഉം കഴിഞ്ഞവർഷം 42% വുമാണ് വിജയിച്ചത്. പരിശീലനവും പരീക്ഷയും പരിശോധിക്കാൻ സ്മാർട് സംവിധാനമുണ്ട്. നിർമിത ബുദ്ധിയടക്കമുള്ള ആധുനിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തിയാണ് നടപടി പൂർത്തിയാക്കുന്നത്.
43 രാജ്യങ്ങളുടെ ലൈസൻസ് ദുബായ് ലൈസൻസാക്കി മാറ്റാനാകും. ഉം റമൂൽ, അൽ തവാർ, ദെയ്റ, ബർഷ, അൽ മനാറ, അൽ കഫാഫ്, ഹത്ത ആർടിഎ ഹാപ്പിനസ് കേന്ദ്രങ്ങളിൽ ഇതിനു സൗകര്യമുണ്ട്. വീസ, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, പകർപ്പ് എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കുകയും ലൈസൻസ് വിശദാംശങ്ങൾ അറബിയിലോ ഇംഗ്ലിഷിലോ നൽകുകയും വേണം. യുഎഇ തിരിച്ചറിയൽ കാർഡ്, നേത്രപരിശോധനാ ഫലം എന്നിവയും ആവശ്യമാണ്.