ദുബായിൽ വാഹനാപകടത്തിൽ 2 യാത്രക്കാർ ദാരുണമായി മരിക്കുകയും 9 പേർക്കു പരുക്കേൽക്കുകയും ചെയ്ത സംഭവത്തിൽ മിനിബസിന്റെ ഡ്രൈവറെ കുറ്റമുക്തനാക്കി. അപകടത്തിന്റെ കാരണക്കാരൻ ഡ്രൈവറല്ലെന്നു കോടതി വിധിച്ചു. മിനിബസിന്റെ ഡ്രൈവറെ എല്ലാ കുറ്റങ്ങളിൽ നിന്നും ഒഴിവാക്കി, സംഭവം തന്റെ നിയന്ത്രണത്തിന് അതീതമാണെന്നാണ് കോടതി ഇപ്പോൾ വിധിച്ചിരിക്കുന്നത്.
2020 ജൂലൈ 12-ന് മിനിബസിന്റെ മുൻവശത്തെ ടയർ പൊട്ടി, പാതയിൽ നിന്ന് തെന്നിമാറി, ഷെയ്ഖ് സായിദ് റോഡിലെ കോൺക്രീറ്റ് ബാരിയറിൽ ഇടിക്കുകയായിരുന്നു. 11 യാത്രക്കാരുമായി പോവുകയായിരുന്ന മിനിബസ് അൽ മനാറ പാലത്തിനടിയിൽ നിന്ന് വശത്തേക്ക് മറിഞ്ഞ് തീ പടരുകയായിരുന്നെന്ന് ദൃക്സാക്ഷികൾ അറിയിച്ചു.
ഇന്ത്യ, ഇറ്റലി, ഫിലിപ്പീൻസ്, ഈജിപ്ത്, കുർദിസ്ഥാൻ, മൊറോക്കോ, കെനിയ എന്നിവിടങ്ങളിൽ നിന്നുള്ള ഒമ്പത് യാത്രക്കാർക്ക് പരിക്കുകളും രണ്ട് മരണങ്ങളും ഉണ്ടാക്കിയതിന് പാകിസ്ഥാൻ ഡ്രൈവറെ ഉടൻ അറസ്റ്റ് ചെയ്തിരുന്നു.
അശ്രദ്ധയും റോഡിൽ ശ്രദ്ധിക്കാത്തതും കാരണം ഡ്രൈവർക്കു വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായി പ്രോസിക്യൂട്ടർമാർ പറഞ്ഞു. ദുബായ് ട്രാഫിക് കോടതി ഡ്രൈവറെ കുറ്റക്കാരനാണെന്നു കണ്ടെത്തി മൂന്നു മാസത്തെ തടവിനു ശിക്ഷിച്ചു. ഒരു ലക്ഷം ദിർഹം പിഴ ചുമത്തുകയും മരിച്ചയാളുടെ ഓരോ കുടുംബത്തിനും 2 ലക്ഷം ദിർഹം ദിയാധനം(ബ്ലഡ് മണി) നൽകാനും ഉത്തരവിട്ടു. ഇയാളെ നാടുകടത്താനും ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാനും കോടതി വിധിച്ചു.
2021 മേയിൽ ദുബായ് അപ്പീൽ കോടതി പ്രാഥമിക വിധി റദ്ദാക്കുകയും ഡ്രൈവറെ കുറ്റവിമുക്തനാക്കുകയും ചെയ്തു.ഡ്രൈവറുടെ നിയന്ത്രണത്തിനപ്പുറമുള്ള അപ്രതീക്ഷിതമായ സാഹചര്യങ്ങൾ മൂലമാണ് അപകടമുണ്ടായതെന്നു കോടതി നിയോഗിച്ച വിദഗ്ധന്റെ സാങ്കേതിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു ജഡ്ജിമാർ തീരുമാനമെടുത്തത്.