പുതിയ സൈനിക റിക്രൂട്ട്മെന്റ് പദ്ധതിയായ അഗ്‌നിപഥിനെ കുറിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് 35 വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ ഞായറാഴ്ച നിരോധിച്ചു. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും അക്രമത്തിന് പ്രേരിപ്പിക്കുകയും ചെയ്ത ആളുകളെ സര്‍ക്കാര്‍ നിരീക്ഷിച്ചു വരികയാണ്. അഗ്‌നിപഥില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിനും യുവാക്കളെ തെറ്റിദ്ധരിപ്പിച്ചതിനും 10 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പരിശോധിക്കാന്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഒരു ഫാക്ട് ചെക്ക് ലൈനും തുറന്നിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ച പദ്ധതിക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമാസക്തമായ പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെയാണ് ഈ നീക്കം.
ചൊവ്വാഴ്ചയാണ് കേന്ദ്രം ഇന്ത്യന്‍ യുവാക്കള്‍ക്കായി സായുധ സേനയില്‍ സേവനമനുഷ്ഠിക്കുന്നതിനുള്ള പുതിയ ഹ്രസ്വകാല റിക്രൂട്ട്‌മെന്റ് സ്‌കീമായ അഗ്നിപഥ് പ്രഖ്യാപിച്ചത്. പതിനേഴര മുതല്‍ 21 വയസ്സുവരെയുള്ള യുവാക്കളെ നാല് വര്‍ഷത്തേക്ക് അഗ്‌നിവീരന്മാരായി മൂന്ന് സേവാവിഭാഗങ്ങളില്‍ ഏതെങ്കിലും ഒന്നിലേക്ക് തിരഞ്ഞെടുക്കുന്നതാണ് സ്‌കീം. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റേയും മൂന്ന് സേനാ മേധാവികളുടേയും സാന്നിധ്യത്തിലായിരുന്നു അഗ്നിപഥ് സ്‌കീം പ്രഖ്യാപിച്ചത്. അഗ്‌നിപഥിന് കീഴില്‍ റിക്രൂട്ട് ചെയ്ത സൈനികരില്‍ നിന്ന് 25 ശതമാനം പേരെ നാല് വര്‍ഷത്തിന് ശേഷം സേനയില്‍ നിലനിര്‍ത്തും. അഗ്‌നിപഥ് സ്‌കീമിന് കീഴില്‍ യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള സമയക്രമം മൂന്ന് സേനാവിഭാഗങ്ങളും വാര്‍ത്താസമ്മേളനത്തിലൂടെ പ്രഖ്യാപിച്ചു.