എസ്എംഎ രോഗം ബാധിച്ച പാലക്കാട്ടെ ഗൗരി ലക്ഷ്മിയുടെ ചികിത്സയ്ക്കായി കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം കൈമാറി ലുലു ഗ്രൂപ്പ്. ഗൗരിയുടെ ചികിത്സയ്ക്കായി ഇതുവരെ 13 കോടി രൂപയാണ് ലഭിച്ചത്. മൂന്ന് കോടി കൂടി ഇനിയും ആവശ്യമാണ്. ചികിത്സ തുടങ്ങാനായി ഗൗരി മാതാപിതാക്കള്‍ക്കൊപ്പം ഇന്ന് കോഴിക്കോട്ടേക്ക് തിരിക്കും.
ഗൗരിലക്ഷ്മിക്ക് 16 കോടി രൂപയുടെ മരുന്നെത്തിച്ച് ചികിത്സ നടത്തേണ്ട സാഹചര്യം മാധ്യമങ്ങളിലൂടെ അറിഞ്ഞാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി 25 ലക്ഷം രൂപ നൽകാമെന്ന് അറിയിച്ചിരുന്നത്.
മരുന്നെത്തിക്കാനായി യു എസിലെ കമ്പനിയിലേക്ക് ഓർഡർ നൽകുകയും ചെയ്തുവെന്ന് ലുലു ഗ്രൂപ്പ് അധികൃതർ അറിയിച്ചു. ആദ്യഘട്ടം നൽകേണ്ട തുകയും കൈമാറി. ഷൊർണൂർ കല്ലിപ്പാടം കുന്നത്ത് ഹൗസിൽ ലിജുവിന്റെയും നിതയുടെയും മകളാണ് ഗൗരീലക്ഷ്മി. ലിജു ശാരീരികവെല്ലുവിളി നേരിടുന്നയാളാണ്.