126 പേരുമായി പോയ വിമാനം ജെറ്റ്‌ലൈനർ മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിംഗിന് ശേഷം മുൻവശത്തെ ലാൻഡിംഗ് ഗിയർ തകർന്ന് തീപിടിച്ചു. എന്നാലും ഗുരുതരമായ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.
ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ സാന്റോ ഡൊമിംഗോയിൽ നിന്ന് എത്തിയ റെഡ് എയർ വിമാനത്തിൽ ലാൻഡിംഗ് ഗിയർ തകർന്നതിനെ തുടർന്നാണ് തീപിടിത്തമുണ്ടായതെന്ന് മിയാമി-ഡേഡ് ഏവിയേഷൻ ഡിപ്പാർട്ട്‌മെന്റ് വക്താവ് ഗ്രെഗ് ചിൻ അസോസിയേറ്റഡ് പ്രസിന് അയച്ച ഇമെയിലിൽ പറഞ്ഞു.
എംഡി-82 ജെറ്റ്‌ലൈനറിൽ 126 പേർ ഉണ്ടായിരുന്നു, അവരിൽ മൂന്നുപേരെ നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, മറ്റ് യാത്രക്കാരെ വിമാനത്തിൽ നിന്ന് ടെർമിനലിലേക്ക് കൊണ്ടുപോയിരുന്നു. അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണ വിധേയമാക്കിയെന്നും ഇന്ധന ചോർച്ച ലഘൂകരിക്കുകയാണെന്നും മിയാമി-ഡേഡ് ഫയർ റെസ്ക്യൂ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.