സൗദിയിലെ കമീസ് മുഷൈത്തിൽ കെട്ടിടത്തിൽ നിന്നു വീണു മരിച്ച മലയാളിയുടെ മൃതദേഹം കേരളത്തിലെത്തിച്ചു. തിരുവനന്തപുരം സ്വദേശി ബാബുവിന്റെ മൃതദേഹം ആണ് റിയാദിൽ നിന്നും നാട്ടിലെത്തിച്ചത്. ഇന്നലെ രാത്രി 10.30 ന് ആയിരുന്നു നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബാബുവിന്റെ മൃതദേഹം എത്തിച്ചത്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ ഇടപെടലിനെ തുടർന്നാണ് ബാബുവിന്റെ മൃതദേഹം നാട്ടിലെത്തിച്ചത്. വിമാനത്താവളത്തിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ലുലുവിനെ പ്രതിനിധീകരിച്ചു പിആർഒ ജോയ് എബ്രഹാം , മീഡിയ കോ-ഓർഡിനേറ്റർ എൻ.ബി. സ്വരാജ് എന്നിവരിൽ നിന്നു മകൻ എബിൻ മൃതദേഹം ഏറ്റുവാങ്ങി.
ലോക കേരള സഭ ഓപ്പൺ ഫോറത്തിനിടെയാണു നെടുമങ്ങാട് സ്വദേശി എബിൻ, സൗദിയിൽ കെട്ടിടത്തിൽ നിന്നു വീണു മരിച്ച തന്റെ അച്ഛന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ യൂസഫലിക്ക് മുന്നിൽ സഹായാഭ്യർഥനയുമായി എത്തിയത്. ഒരു നിമിഷം പോലും വൈകാതെ നടപടികൾ പൂർത്തിയാക്കി മൃതദേഹം വേഗം എത്തിക്കാനുള്ള കാര്യങ്ങൾ ചെയ്യാമെന്നു യൂസഫലി വേദിയിൽ വച്ചു തന്നെ എബിന് ഉറപ്പു നൽകുകയായിരുന്നു.