കേരളത്തിൽ വൈദ്യുതി നിരക്ക് വർധിപ്പിക്കും. പുതുക്കിയ നിരക്ക് നാളെ ഉച്ചക്ക് ശേഷം റെഗുലേറ്ററി കമ്മീഷൻ പ്രഖ്യാപിക്കുമെന്ന് വെെദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി പറഞ്ഞു. വെെദ്യുതി ചാർജ് പരമാവധി കുറഞ്ഞ തോതിൽ കൂട്ടണം എന്നതാണ് സർക്കാരിന്റെ ആഗ്രഹമെന്നും മന്ത്രി പറഞ്ഞു. അടുത്ത അഞ്ചു വർഷത്തേക്കുള്ള വൈദ്യുത നിരക്കാണ് കമ്മീഷൻ പ്രഖ്യാപിക്കുന്നത്. അഞ്ചു വർഷം കൊണ്ട് ഒന്നര രൂപ വരെ വർധിപ്പിക്കണമെന്നാണ് കെഎസ്ഇബി ആവശ്യപ്പെടുന്നത്.
നിലവിലെ താരിഫ് പ്രകാരം ഗാർഹിക ആവശ്യത്തിനുള്ള നിരക്ക് 4 രൂപ 79 പൈസയാണ്. വിവിധ ജില്ലകളിൽ പബ്ലിക് ഹിയറിങ് നടത്തിയ ശേഷമാണ് കമ്മിഷൻ അന്തിമ താരിഫ് പ്രഖ്യാപിക്കുന്നത്. കൊവിഡ് സാഹചര്യം കാരണമാണ് വൈദ്യുതി നിരക്ക് വർധനവ് ഏപ്രിലിൽ നടപ്പാക്കാതിരുന്നത്. ജൂലൈ മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.