പെരുമ്പിലാവ് കൊരട്ടികരയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് പ്രവാസി യുവാവ് മരിച്ചു. പട്ടാമ്പി തെക്കേതിൽ ഉസ്മാൻ ഹാജിയുടെ മകൻ മുഹമ്മദ് ഷാഫി (26) ആണ് മരിച്ചത്.
അബുദാബിയിൽ നിന്ന് 10 ദിവസം മുമ്പ് അവധിക്ക് നാട്ടിലെത്തിയതാണ് മുഹമ്മദ് ഷാഫി. വിവാഹം നടത്താനുള്ള ഒരുക്കങ്ങൾക്കിടെയായിരുന്നു ദുരന്തം. മാതാവ്: നബീസ. സഹോദരങ്ങൾ: ഷംസുദ്ദീൻ, സുലെെമാൻ, ഷംല, ഷാജിത, ഷെജി.
മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ഇന്നലെ വെെകീട്ട് അഞ്ചരയോടെ കൊരട്ടികര മസ്ജിദിന് സമീപത്തായിരുന്നു കോഴിക്കോട് – തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചറുമായി നേർക്കുനേർ കൂട്ടിയിടിച്ചുള്ള അപകടം.ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് ഷാഫിയെ പുറത്തെടുത്തത്. തുടർന്ന് പെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിയന്ത്രണംവിട്ട ബസ് സമീപത്ത് കാന നിർമാണത്തിലേർപ്പെട്ടിരുന്ന തൊഴിലാളികൾക്കു നേരെ പാഞ്ഞടുത്തു. എന്നാൽ അവർ ഓടി മാറിയതോടെ വലിയ അപകടം ഒഴിവായി. കെഎസ്ആർടിസി ഡ്രെെവർക്ക് നിസ്സാര പരുക്കുണ്ട്.