കോവിഡ് മഹാമാരി അവസാനിച്ചിട്ടില്ലെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. 110 രാജ്യങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്നത് ചൂണ്ടിയാണ് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനം ഗെബ്രിയോസിസിന്റെ പ്രതികരണം. കോവിഡ് കേസുകൾ വീണ്ടും ഉയരുന്നതോടെ ജാഗ്രത പാലിക്കണമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
കോവിഡ് കേസുകൾ കണ്ടെത്തുന്നതിൽ ഇപ്പോൾ തടസ്സങ്ങൾ നേരിടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഈ മഹാമാരിയിൽ മാറ്റങ്ങൾ വരുന്നുണ്ട്. എന്നാൽ അവസാനിച്ചിട്ടില്ല. കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതും
വൈറസിന്റെ ജനിത ഘടന പരിശോധനയും കുറയുന്നതിനാൽ കോവിഡ് വൈറസ് ട്രാക്ക് ചെയ്യാനുള്ള ഞങ്ങളുടെ കഴിവ് ഭീഷണിയിലാണ്. ഇത് ഒമിക്രോൺ ട്രാക്ക് ചെയ്യുന്നതും ഭാവിയിൽ ഉയർന്നു വരുന്ന വേരിയന്റുകളെ വിശകലനം ചെയ്യുന്നതും പ്രയാസമാക്കി തീർക്കും, ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ പറഞ്ഞു.
BA.4, BA.5 എന്നീ വകഭേദങ്ങൾ നിരവധി രാജ്യങ്ങൾ പടർന്നു പിടിക്കുകയാണ്. ആഗോള തലത്തിൽ കോവിഡ് കേസുകൾ 20 ശതമാനം ഉയരുന്നു. ജനസംഖ്യയുടെ 70 ശതമാനം പേരെയെങ്കിലും രാജ്യങ്ങൾ വാക്സിനേറ്റ് ചെയ്യേണ്ടതുണ്ടെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിച്ചു.