വാഹനങ്ങളിൽ സഞ്ചരിക്കുമ്പോൾ ശ്രദ്ധ തെറ്റിയാലുണ്ടാകുന്ന അപകടസാധ്യതകൾ വ്യക്തമാക്കാൻ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ അബുദാബി പോലീസ് പുറത്തുവിട്ടു.
ഒരു വാഹനം അതിവേഗത്തിൽ വന്ന് മറ്റൊരു വാഹനത്തിൽ വന്നിടിക്കുന്നതുൾപ്പെടെയുള്ള അപകടങ്ങളുടെ ഒരു പരമ്പര കാണിക്കുന്ന വീഡിയോയാണ് അബുദാബി പോലീസ് സോഷ്യൽ മീഡിയയിലൂടെ പങ്കിട്ടിട്ടുള്ളത്.
ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും യാത്രക്കാരോട് സംസാരിക്കുന്നതും ഫോട്ടോയെടുക്കുന്നതും മേക്കപ്പ് പോലുള്ള വ്യക്തിഗത കാര്യങ്ങൾ ചെയ്യുന്നതാണ് റോഡിലെ ശ്രദ്ധ നഷ്ടപ്പെടാനുള്ള പ്രധാന കാരണമെന്ന് പോലീസ് ട്രാഫിക് വിഭാഗം പറഞ്ഞു. ഇത്തരം അശ്രദ്ധകൾ ഗുരുതരമായ അപകടങ്ങൾക്ക് കാരണമാകുമെന്ന് പോലീസ് പറഞ്ഞു.
റോഡിൽ ശ്രദ്ധിക്കുന്നതിൽ പരാജയപ്പെടുന്ന വാഹനമോടിക്കുന്നവർക്ക് 800 ദിർഹം വരെ പിഴയും അവരുടെ ലൈസൻസിൽ നാല് ട്രാഫിക് പോയിന്റുകളും ലഭിക്കും.
അശ്രദ്ധമായി വാഹനമോടിക്കുന്നതിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി അബുദാബി പോലീസ് ട്രാഫിക് നിയമങ്ങൾ ലംഘിച്ച് അപകടങ്ങൾ ഉണ്ടാക്കുന്ന വാഹനമോടിക്കുന്നവരുടെ ദൃശ്യങ്ങൾ പതിവായി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നുണ്ട്.