കൊച്ചി – ദുബായ് യാത്രക്ക് മുമ്പുള്ള സുരക്ഷാ ബാഗേജ് പരിശോധനയ്ക്കിടെ ദമ്പതികൾ അസ്വസ്ഥരായതോടെ യാത്ര മുടങ്ങി. ഇന്ന് ജൂലൈ 2 ശനിയാഴ്ച്ച പുലർച്ചെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സംഭവം അരങ്ങേറിയത്. ഓസ്‌ട്രേലിയയിലെ മകളുടെ വീട്ടിലേക്ക് പോകാനിറങ്ങിയ 63 വയസുള്ള ആലുവ സ്വദേശികളായ ദമ്പതികൾക്കാണ് അനവസരത്തിൽ പറഞ്ഞ വാചകത്തിന്റെ പേരിൽ യാത്ര മുടങ്ങിയത്.
എമിറേറ്റ്സ് വിമാനത്തിൽ ദുബായിൽ പോയി ദുബായിൽ നിന്നും ഓസ്‌ട്രേലിയയിൽ പോകാനായിരുന്നു ഇവർ പദ്ധതിയിട്ടിരുന്നത്. എന്നാൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും ദുബായിലേക്ക് പോകുന്നതിന് മുമ്പുള്ള വിമാന ജീവനക്കാരുടെ ബാഗേജ് പരിശോധനയിൽ അസ്വസ്ഥരായ ഇവർ ഇങ്ങനെ പരിശോധിക്കാൻ മാത്രം തങ്ങളുടെ കയ്യിൽ ബോംബ് ഒന്നുമില്ലെന്ന് ജീവനക്കാരോട് പറയുകയായിരുന്നു. ബാഗേജിൽ ഭാരം തോന്നിയപ്പോഴാണ് വിമാന ജീവനക്കാർ ബാഗ് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടത്.
എന്നാൽ ബോംബിന്റെ കാര്യം പറഞ്ഞതോടെ വിമാന ജീവനക്കാരി ഭയപ്പെടുകയും സി. എസ് എഫ് അധികൃതരെ അറിയിക്കുകയുമായിരുന്നു. പിന്നീട് സി. എസ് എഫ് അംഗങ്ങൾ ദമ്പതികളെ കൊണ്ട് പോയി ബാഗുകളും ദേഹമാസകലം പരിശോധിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. എന്നാൽ ”ബോംബ് ഒന്നുമില്ലെന്ന്” തങ്ങളൊരു താമശരീതിയിൽ എന്നപോലെ പറഞ്ഞതാണെന്നും ഇതിനാണോ ഞങ്ങളുടെ വിലപ്പെട്ട സമയം മെനക്കെടുത്തതെന്നും ദമ്പതികൾ പറയുന്നുണ്ടായിരുന്നു. എന്നാൽ അനവസരത്തിലുള്ള തമാശ അല്ലെങ്കിൽ വിടുവായിത്തരം മൂലം ഇരുവരുടെയും സമയം മാത്രമല്ല ദുബായിലേക്കുള്ള യാത്ര തന്നെ മുടങ്ങിപോകുകയായിരുന്നു. ഒന്നരലക്ഷത്തോളം ചിലവിട്ടാണ് ഇവർ ഓസ്‌ട്രേലിയ വരെയുള്ള യാത്രക്ക് ടിക്കറ്റെടുത്തിരുന്നത്. ഈ 2 യാത്രകളും മുടങ്ങിയെന്നാണ് വിവരം.