എം.എ യൂസഫലി യുഎഇയുടെ ആദ്യ ഡിജിറ്റൽ ബാങ്ക് ഡയറക്ടർ ബോർഡിൽ

MA Yousafali on the board of directors of UAE's first digital bank

ദുബായ്: ഡിജിറ്റൽ ബാങ്കിംഗ് രംഗത്തേക്ക് ചുവടുറപ്പിക്കുന്ന യു.എ.ഇ.യുടെ ആദ്യത്തെ ബാങ്കായ സാൻഡിൻ്റെ ഡയറക്ടർ ബോർഡ് രൂപീകരിച്ചു. ദുബായ് ബുർജ് ഖലീഫ ഉൾപ്പെടുന്ന എമ്മാർ ഗ്രൂപ്പ്, മിഡിൽ ഈസ്റ്റിലെ പ്രമുഖ ഓൺലൈൻ കമ്പനിയായ നൂൺ എന്നിവയുടെ ചെയർമാനുമായ മുഹമ്മദ് അൽ അബ്ബാറാണ് സാൻഡ് ഡിജിറ്റൽ ബാങ്ക് ചെയർമാൻ.

ലുലു ഗ്രുപ്പ് ചെയർമാനും അബുദാബി ചേംബർ വൈസ് ചെയർമാനുമായ എം.എ. യൂസഫലിയും ഡയറക്ടർ ബോർഡിലുണ്ട്. ഗൾഫ് രാജ്യങ്ങളിലെ സമ്പദ് രംഗം കൂടുതൽ വൈവിധ്യവത്ക്കരണത്തിലേക്ക് കടക്കുമ്പോൾ ഡിജിറ്റൽ ബാങ്കിംഗ് രംഗത്ത് സാന്നിധ്യമറിയിക്കുകയാണ് ബാങ്കിൽ നിക്ഷേപമുള്ള ഇന്ത്യൻ വ്യവസായികളായ എം.എ.യൂസഫലിയും ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാനുമായ കുമാർ മംഗളം ബിർളയും. അബുദാബി രാജകുടുംബാംഗങ്ങളും സാൻഡ് ബാങ്കിൽ നിക്ഷേപകരായിട്ടുണ്ട്.

യുവജനതയുടെ ഉയർന്ന ഇൻ്റർനെറ്റ് ഉപയോഗവും ആധുനിക വിവര സാങ്കേതിക വിദ്യയുടെ വളർച്ചയും ഡിജിറ്റൽ ബാങ്കിംഗ് മേഖലക്ക് കൂടുതൽ പ്രചാരം ലഭിക്കാൻ കാരണമായെന്ന് നിയുക്ത സാൻഡ് ഡിജിറ്റൽ ബാങ്ക് ഡയറക്ടർ ബോർഡംഗമായ എം.എ. യൂസഫലി പറഞ്ഞു.

ഇനി ഡിജിറ്റൽ ബാങ്ക് യുഗമാണ് വരാനിരിക്കുന്നത്. പരമ്പരാഗത ബാങ്കിടപാടുകളെ അപേക്ഷിച്ച് ഡിജിറ്റൽ ബാങ്കിംഗ് ഇടപാടുകാർക്ക് എളുപ്പവും തടസ്സമില്ലാത്തതുമായ സേവനങ്ങളാണ് നൽകുന്നത്. യു.എ.ഇ.യുടെ സമ്പൂർണ്ണ ബാങ്കിംഗ് ലൈസൻസ് അനുസരിച്ചുള്ള രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ ബാങ്ക് എന്ന നിലയിൽ ഏറെ സവിശേഷതകൾ ഉള്ള സേവനങ്ങളായിരിക്കും ബാങ്ക് നൽകുകയെന്നും യൂസഫലി കൂട്ടിച്ചേർത്തു.

ഫ്രാങ്ക്ളിൻ ടെപിൾടൺ ചെയർമാൻ ഗ്രിഗറി ജോൺസൺ, അബുദാബി അൽ ഹെയിൽ ഹോൾഡിംഗ്സ് സി.ഇ.ഒ ഹമദ് ജാസിം അൽ ദാർവിഷ്, കുമാർ മംഗളം ബിർള, എമിറേറ്റ്സ് എയർലൈൻ സി.ഇ.ഒ അഡ്നാൻ കാസിം, ദുബായ് ഇൻ്റർനാഷണൽ ഫൈനാൻഷ്യൽ സെൻ്റർ വൈസ് പ്രസിഡണ്ട് രാജ അൽ മസ്രോയി എന്നിവരും ബോർഡിലുണ്ട്.

പൂർണ്ണമായും ഡിജിറ്റൽ ഇടപാടുകൾ ലക്ഷ്യമിട്ടായിരിക്കും പുതിയ ബാങ്കിൻ്റെ പ്രവർത്തനം. അടുത്ത് തന്നെ പ്രവർത്തനമാരംഭിക്കുന്ന സാൻഡ് ബാങ്ക് അയ്യായിരം കോടി രൂപയുടെ വിറ്റുവരവാണ്‌ പ്രതീക്ഷിക്കുന്നത്.

സൗദി അറേബ്യ ഉൾപ്പെടെ കൂടുതൽ ഗൾഫ് രാജ്യങ്ങൾ ഡിജിറ്റൽ ബാങ്കിംഗ് രംഗത്തേക്ക് കടക്കുകയാണ്. ആഗോള സാമ്പത്തിക മേഖല ഡിജിറ്റൽ യുഗത്തിലേക്ക് കടക്കുന്നതിനൊപ്പം രാജ്യങ്ങളുടെ സമ്പദ് രംഗം വൈവിധ്യവത്ക്കരിച്ച് ശക്തിപ്പെടുത്തുവാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടികളെന്നും സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!