ഹജ്ജ് കഴിഞ്ഞ് യുഎഇയിലെത്തുന്നവർ 7 ദിവസം വീട്ടിൽ ക്വാറന്റൈനിൽ കഴിയണമെന്ന് എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി നിർദ്ദേശിച്ചു.
ഹജ്ജ് കഴിഞ്ഞ് യുഎഇയിലേക്ക് മടങ്ങുന്ന തീർഥാടകർ ആദ്യ ഏഴ് ദിവസങ്ങളിൽ വീടിന് പുറത്തിറങ്ങുന്നത് ഒഴിവാക്കണം. എത്തിച്ചേർന്നതിന് ശേഷമുള്ള നാലാം ദിവസമോ രോഗലക്ഷണങ്ങൾ കണ്ടാൽ അവർ നിർബന്ധമായും കോവിഡ് പിസിആർ പരിശോധന നടത്തണം.
യുഎഇയിലെ വിമാനത്താവളങ്ങളിൽ എത്തിയ ശേഷം തീർത്ഥാടകർക്ക് കോവിഡ് പിസിആർ ടെസ്റ്റ് നടത്താനുള്ള സൗകര്യമുണ്ട്. രോഗ ലക്ഷണങ്ങൾ കാണുന്നവരോട് ആരോഗ്യ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യാനും പോസിറ്റീവ് സ്ഥിരീകരിച്ചാൽ ഐസൊലേറ്റ് ചെയ്യാനും നിർദ്ദേശിച്ചിട്ടുണ്ട്.
നെഗറ്റീവ് ഫലം ലഭിച്ചാൽ തീർഥാടകർക്ക് അൽ ഹോസ്ൻ ആപ്പിൽ ഗ്രീൻ പാസ് ലഭിക്കുമെന്ന് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി വക്താവ് പറഞ്ഞു.
ഈദ് അൽ അദ്ഹ അവധിക്ക് മുന്നോടിയായുള്ള ഒരു ടെലിവിഷൻ ബ്രീഫിംഗിലാണ് അടുത്തിടെ കേസുകളുടെ വർദ്ധനവിന് ഇടയായതിനാൽ യുഎഇ നിവാസികളോട് ജാഗ്രത പാലിക്കാൻ അഭ്യർത്ഥിച്ചത്. യുഎഇയിൽ നിന്നുള്ള ആയിരക്കണക്കിന് പേർ വരും ദിവസങ്ങളിൽ ഹജ്ജ് നിർവഹിക്കുമെന്നാണ് വിവരം.
മടങ്ങിവരുമ്പോൾ, എത്തിച്ചേരുമ്പോൾ ഒരു ഓപ്ഷണൽ ടെസ്റ്റ് നടത്താൻ അവരെ പ്രോത്സാഹിപ്പിക്കുമെന്നും തുടർന്ന് നാലാം ദിവസം നിർബന്ധിത പരിശോധന നടത്തുമെന്നും നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി അറിയിച്ചു. ഇവർ ഏഴു ദിവസം വീട്ടിൽ ക്വാറന്റൈനിൽ കഴിയണം.