വലിയ പെരുന്നാളിന്റെ അവധി ഇന്ന് ജൂലൈ 8 ന് തുടങ്ങുന്നതോടെ യു എ ഇ ആഘോഷങ്ങളിലേക്ക് കടക്കുകയാണ്. വിവിധ സഥലങ്ങളിൽ വെടിക്കെട്ടും കലാപരിപാടികളും അരങ്ങേറും.
വിനോദ സഞ്ചാരികളെ വരവേൽക്കാൻ ഹോട്ടലുകളും വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളും സജ്ജമായിട്ടുണ്ട്. അതിനിടെ കൂടുതൽ പ്രതിദിന കേസുകൾ ഉണ്ടാകുന്ന സാഹചര്യത്തിൽ അധികൃതർ ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്. പൊതു ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് 72 മണിക്കൂർ മുൻപുള്ള നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമാക്കിയിട്ടുണ്ട്.
വിവിധ എമിറേറ്റുകളിൽ 4 ദിവസത്തേക്ക് പാർക്കിംഗ് സൗജന്യവുമാണ്. അതേസമയം മൾട്ടി ലെവൽ പാർക്കിങ് കേന്ദ്രങ്ങളിൽ പണം നൽകി ഉപയോഗിക്കണം. നഗരങ്ങളിൽ ഗതാഗത നിയന്ത്രണത്തിനും സുരക്ഷയ്ക്കും കൂടുതൽ പൊലീസിനെയും അധികൃതർ വിന്യസിച്ചിട്ടുണ്ട്.
വലിയ പെരുന്നാളിന് പാലിക്കേണ്ട നിരവധി നിർദ്ദേശങ്ങളും നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് നൽകിയിട്ടുണ്ട്
- ബലി മാംസം, സമ്മാനങ്ങൾ, ഭക്ഷണം എന്നിവ അയൽക്കാർക്കിടയിൽ വിതരണം ചെയ്യാൻ അനുവാദമുണ്ട്. എന്നിരുന്നാലും, വിതരണത്തിന് മുമ്പ് അവ വൃത്തിയുള്ളതും അണുവിമുക്തമാക്കിയതുമായ ബാഗുകളിലോ ബോക്സുകളിലോ ഇടണം.
- മൃഗങ്ങളെ കശാപ്പുചെയ്യാൻ ലൈസൻസില്ലാത്ത തൊഴിലാളികളുമായി ഇടപഴകുന്നത് നിരോധിച്ചിച്ചിട്ടുണ്ട്.
- രജിസ്റ്റർ ചെയ്ത ചാരിറ്റികളുടെ ആപ്പുകൾ ഉപയോഗിച്ച് ദാനം നൽകണം.
- അറവുശാലകൾ പരിശോധിച്ച് ജനത്തിരക്കില്ലെന്ന് ഉറപ്പാക്കണം.
- ഹസ്തദാനം നിരോധിച്ചിട്ടുണ്ട്, കുട്ടികൾക്ക് നൽകുന്ന ഈദ് പണം കൈമാറാൻ ആപ്പുകളോ വെബ്‌സൈറ്റുകളോ ഉപയോഗിക്കണം.
- സ്വന്തം കുടുംബത്തിനുള്ളിൽ ആഘോഷങ്ങൾ പരിമിതപ്പെടുത്തണം.
- കുടുംബ സന്ദർശന വേളയിൽ നിങ്ങൾ മാസ്‌ക് ധരിക്കുകയും മറ്റുള്ളവരിൽ നിന്ന് സുരക്ഷിതമായ സാമൂഹിക അകലം പാലിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കണം,
- പ്രത്യേകിച്ച് പ്രായമായവരോ പ്രിയപ്പെട്ടവരോ വിട്ടുമാറാത്ത രോഗങ്ങളുള്ളവരുമായി വരുമ്പോൾ.