ആകാശ എയറിന് എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് നൽകി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. റിപ്പോർട്ടുകൾ പ്രകാരം, ജൂലൈ അവസാന വാരത്തോടെയാണ് ആകാശ എയർ വാണിജ്യ അടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കുക. രാകേഷ് ജുൻജുൻവാലയുടെ പിന്തുണയുള്ള ഏറ്റവും പുതിയ എയർലൈനാണ് ആകാശ എയർ.
ആകാശ എയറിന്റെ ജീവനക്കാർക്കുള്ള പരിസ്ഥിതി സൗഹൃദ യൂണിഫോം കഴിഞ്ഞ ദിവസമാണ് കമ്പനി പുറത്തിറക്കിയത്. 2021 ഓഗസ്റ്റ് മാസത്തിലാണ് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൽ നിന്ന് ആകാശ എയർ നോൺ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയത്. എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് ലഭിച്ച കാര്യം ആകാശ എയർ ട്വിറ്ററിലൂടെയാണ് പങ്കുവെച്ചത്.
രണ്ട് വിമാനങ്ങളുമായാണ് കമ്പനി പ്രവർത്തനം ആരംഭിക്കുക. ഓരോ മാസവും വിമാനങ്ങളുടെ എണ്ണം കൂടും. നടപ്പ് സാമ്പത്തിക വർഷം അവസാനത്തോടെ 18 വിമാനങ്ങൾ സർവീസ് ആരംഭിക്കുമെന്ന് കമ്പനി വക്താക്കൾ വ്യക്തമാക്കി. തുടർന്ന്, ഓരോ വർഷവും 12 മുതൽ 14 വരെ വിമാനങ്ങൾ സർവീസ് ആരംഭിക്കും. അഞ്ച് വർഷത്തിനുള്ളിൽ 72 വിമാനങ്ങൾ സർവീസ് ആരംഭിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.