ഈദ് അൽ അദ്ഹയോടനുബന്ധിച്ച് അബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് സെന്റർ നിരവധി ആരാധകരെയും സന്ദർശകരെയും സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി വരികയാണ്.
ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് – അബുദാബി, അൽ ഐൻ ഷെയ്ഖ് ഖലീഫ ഗ്രാൻഡ് മോസ്ക് എന്നിവിടങ്ങളിൽ ഈദ് അൽ അദ്ഹ നമസ്കാരം നാളെ ശനിയാഴ്ച, ജൂലൈ 9 ന് രാവിലെ 7:00 മണിക്ക് നടക്കുമെന്ന് ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് സെന്റർ അറിയിച്ചു.
പൊതുജനങ്ങളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിന്, യുഎഇയിലെ യോഗ്യതയുള്ള അധികാരികൾ അംഗീകരിച്ചതും പുറപ്പെടുവിച്ചതുമായ എല്ലാ കോവിഡ് -19 പ്രതിരോധ, മുൻകരുതൽ നടപടികളും പാലിക്കാൻ കേന്ദ്രം എല്ലാ വിശ്വാസികളോടും അഭ്യർത്ഥിച്ചിട്ടുണ്ട്.
വിശ്വാസികൾ മാസ്ക് ധരിക്കുകയും പരസ്പരം കുറഞ്ഞത് ഒരു മീറ്ററെങ്കിലും അകലം പാലിക്കുകയും സ്വന്തം നമസ്കാര പായ കൊണ്ടുവരുകയും വേണം. നമസ്കാരത്തിന് മുമ്പും ശേഷവും ഒത്തുചേരലും ഹസ്തദാനങ്ങളും നിരോധിച്ചിട്ടുണ്ട്.