ഷാർജയിലെ അൽ സജ്ജയിൽ ഇൻഡസ്ട്രിയൽ ഏരിയയിലുണ്ടായ പൊട്ടിത്തെറിയിൽ നേപ്പാൾ സ്വദേശി മരിച്ച സംഭവത്തിൽ ഷാർജ പോലീസ് അന്വേഷണം തുടങ്ങി. അൽ സജ്ജ മേഖലയിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം.
തൊഴിലാളി ബാരൽ ഉപയോഗിച്ച് ജോലി ചെയ്തിരുന്നപ്പോൾ പെട്ടെന്ന് പൊട്ടിത്തെറിയുണ്ടാവുകയായിരുന്നെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
സംഭവത്തെക്കുറിച്ച് പോലീസിന് വിവരം ലഭിക്കുകയും പട്രോളിംഗ് സംഘത്തെയും നാഷണൽ ആംബുലൻസ് ഉദ്യോഗസ്ഥരെയും ഉടൻ തന്നെ സ്ഥലത്തേക്ക് അയച്ചിരുന്നു. രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്താൻ പരമാവധി ശ്രമിച്ചെങ്കിലും തൊഴിലാളി മരണത്തിന് കീഴടങ്ങുകയായിരുന്നു. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ 34 കാരനായ തൊഴിലാളിയുടെ മുഖത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്കും തുടർന്ന് ഫോറൻസിക് ലബോറട്ടറിയിലേക്കും മാറ്റിയിരിക്കുകയാണ്.