മധ്യപ്രദേശിലെ ധാർ ജില്ലയിലെ ഖൽഘട്ടിൽ ബസ് നര്‍മദ നദിയിലേക്ക് മറിഞ്ഞു. അപകടത്തിൽ 13 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെയാണ് അപകടം. ഇൻഡോറിൽ നിന്ന് പൂനെയിലേക്ക് പോവുകയായിരുന്ന മഹാരാഷ്ട്ര റോഡ്‌വേയ്‌സ് ബസാണ് അപകടത്തിൽ പെട്ടത്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 15 യാത്രക്കാരെ രക്ഷപ്പെടുത്തിയെന്ന് മന്ത്രി നരോത്തം മിശ്ര എ.എന്‍.ഐയോട് പറഞ്ഞു.
അറുപതോളം പേര്‍ ബസിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അനുശോചിച്ചു. പരിക്കേറ്റവർക്ക് അടിയന്തര സഹായം നൽകണമെന്ന് മുഖ്യമന്ത്രി ജില്ലാ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.”ജില്ലാഭരണകൂടത്തിന്‍റെ ഒരു സംഘം അപകടസ്ഥലത്തുണ്ട്. ബസ് നീക്കം ചെയ്തിട്ടുണ്ട്. ധാർ ജില്ലാ ഭരണകൂടവും ഖാർഗോണുമായി ഞാൻ നിരന്തരം ബന്ധപ്പെടുന്നുണ്ട്. പരിക്കേറ്റവർക്ക് കൃത്യമായ ചികിൽസ നൽകുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ട്” ശിവരാജ് സിംഗ് ട്വീറ്റ് ചെയ്തു.