യുഎഇയിൽ ഈ വർഷം 2022 ൽ ജൂലൈ മാസം പകുതി പിന്നിടുമ്പോൾ ഇനി ഏതാനും പൊതു അവധി ദിനങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.
ഇതനുസരിച്ച് ഇന്റർനാഷണൽ യൂണിയൻ ഫോർ അസ്ട്രോണമി ആൻഡ് സ്പേസ് സയൻസസിലെ അംഗം ഇബ്രാഹിം അൽ-ജർവാന്റെ അഭിപ്രായപ്രകാരം ഇസ്ലാമിക് ന്യൂ ഇയർ – ഹിജ്രി ന്യൂ ഇയർ അല്ലെങ്കിൽ അറബിക് ന്യൂ ഇയർ (മുഹറം) ഈ വർഷം ജൂലൈ 30 ന് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാ ഇസ്ലാമിക തീയതികളും ചന്ദ്രന്റെ ദർശനത്തിന് വിധേയമാണെങ്കിലും, ഔദ്യോഗിക യുഎഇ പൊതു അവധി കലണ്ടർ അനുസരിച്ച്, താമസക്കാർക്ക് ജൂലൈ 30 ന് അവധി ലഭിക്കും.
എന്നിരുന്നാലും, ജൂലൈ 30 ശനിയാഴ്ച പൊതുമേഖലക്ക് അവധിയായതിനാൽ സ്വകാര്യമേഖലയിൽ ശനിയാഴ്ചകളിൽ ജോലി ചെയ്യുന്നവർക്ക് മാത്രമായിരിക്കും ഇതൊരു അവധിയായി ലഭിക്കുക.
മുഹമ്മദ് നബി (സ) യുടെ ജന്മദിനമായ (നബിദിനം) ഒക്ടോബർ 8 നാണ് അടുത്ത പൊതു അവധി. ഒക്ടോബർ 8 ശനിയാഴ്ച ആയതിനാൽ ചില താമസക്കാർക്ക് മാത്രമേ അതും ആസ്വദിക്കാൻ കഴിയൂ.
അടുത്തത് നവംബർ 30-ന് യുഎഇ അനുസ്മരണ ദിനത്തിലും ഡിസംബർ 2-ന് യുഎഇ ദേശീയ ദിനത്തിലും ആണ് അവധികൾ വരുന്നത്. ഈ തീയതികളിലെ ഔദ്യോഗിക പൊതു അവധികൾ ഡിസംബർ 1 വ്യാഴാഴ്ച മുതൽ ഡിസംബർ 4 ഞായർ വരെയായി പട്ടികപ്പെടുത്തിയിട്ടുണ്ട്.