ഷാർജ : ഏജന്റിന്റെ ചതിയിൽ പെട്ട് ഒമാൻ വഴി യുഎഇയിൽ എത്തിയ കോഴിക്കോട് അത്തോളി സ്വദേശിനിയെ നാട്ടിലെത്തിച്ചു. ഒരു കൂട്ടം സാമൂഹ്യ പ്രവർത്തകരുടെ സഹായത്തോടെയാണ് ഇവർക്ക് നാട്ടിലേക്ക് എത്താൻ സാധിച്ചത്. പാസ്പോർട്ടോ വിസയോ മറ്റു രേഖകളോ ഒന്നുമില്ലാതെ അനധികൃതമായി യുഎഇയിൽ എത്തുകയും തുടർന്ന് നിയമപ്രതിസന്ധികൾ നേരിട്ട ഇവർക്ക് യാബ് ലീഗൽ സർവീസ് സിഇഒയും സാമൂഹ്യ പ്രവർത്തകനുമായ സലാം പാപ്പിനിശ്ശേരി നൽകിയ സൗജന്യ നിയമസഹായത്തിലൂടെയാണ് നിയമ പ്രശ്നങ്ങൾ പരിഹരിച്ചു കൊണ്ട് നാട്ടിലേക്ക് മടങ്ങാൻ സാധിച്ചത്.
4 വർഷങ്ങൾക്ക് മുന്നേ അതായത് 2018 ലാണ് കോഴിക്കോട് സ്വദേശിനി നാട്ടിലുള്ള ഏജന്റ് മുഖാന്തരം ഒമാനിൽ എത്തുന്നത്. ഫ്രീ വിസ എന്ന് പറഞ്ഞു ഇവരുടെ കയ്യിൽ നിന്നും 3 ലക്ഷം രൂപ വാങ്ങിയാണ് ഏജന്റ് ഇവരെ ഒമാനിൽ എത്തിക്കുന്നത്. അന്ന് ഒമാനിലും യുഎഇയിലും ജോലി ചെയ്യാം എന്നു പറഞ്ഞു കബളിപ്പിച്ചാണ് ഏജന്റ് ഇവരെ ഒമാനിൽ കൊണ്ടുവന്നത്. അവിടെ എത്തിയ ഇവർക്ക് ജോലി ലഭ്യമാകാത്തതിനെ തുടർന്ന് ഇവർ ഏജന്റിനെ ബന്ധപ്പെട്ടപ്പോൾ അയാളുടെ ഒരു സഹായി പാസ്പോർട്ടോ മറ്റു രേഖകളോ ഒന്നും തന്നെ നൽകാതെ യുഎഇയിൽ എത്തിച്ചു കൊണ്ട് അതിവിദഗ്ദ്ധമായി മുങ്ങുകയാണ് ചെയ്തത്.
തുടർന്ന് ഭാഷയോ ഇവിടത്തെ നിയമമോ ഒന്നും തന്നെ അറിയാത്ത ഇവർ ഫ്രീ വിസ എന്ന കപട വിശ്വാസത്തിൽ അനധികൃതമായി യുഎഇയിൽ തുടരുകയും വീട്ടുജോലി ചെയ്യുകയും ചെയ്തു. പിന്നീടാണ് തനിക്ക് പറ്റിയ അബദ്ധം ഇവർ മനസിലാക്കുന്നത്. പാസ്പോർട്ടോ മറ്റു അനുബന്ധ രേഖകളോ ഇല്ലാതെ യുഎഇയിൽ തുടർന്നത് മൂലം നിയമ പ്രതിസന്ധികളിൽ അകപെട്ടതിനെ തുടർന്ന് മാനസികമായി തളർന്ന ഇവർ സലാം പാപ്പിനിശ്ശേരിയെ സമീപിക്കുകയായിരുന്നു. ശേഷം ഇവരുടെ നിസ്സഹായാവസ്ഥ മനസിലാക്കിയ ഇദ്ദേഹം ഈ കേസ് ഏറ്റെടുക്കുകയും സൗജന്യ നിയമസഹായം നൽകുകയും ചെയ്തു. തുടർന്ന് ഇദ്ദേഹം ബിഎൽഎസ് സെന്ററുമായി ബന്ധപ്പെട്ടുകൊണ്ട് എമർജൻസി സർട്ടിഫിക്കറ്റ് വാങ്ങുകയും പിന്നീട് ദുബായ് എമിഗ്രേഷന്റെ സഹായത്തോടെ ഔട്ട് പാസ് തരപ്പെടുത്തുകയും ചെയ്തു.
ശേഷം നിയമവശങ്ങളുമായി ബന്ധപ്പെട്ടുള്ള യാബ് ലീഗൽ സർവീസിന്റെ ലൈവ് വീഡിയോയിൽ ഈ പ്രശ്നം ചർച്ച ചെയ്യുകയും ഇത് കാണാനിടയായ ഷീജ ഷെഫീക്ക്, അവരുടെ ഭർത്താവായ അൻവർ ഷെഫീഖ് എന്നി സാമൂഹ്യ പ്രവർത്തകർ ഇവർക്ക് നാട്ടിലേക്ക് മടങ്ങുന്നതിന് വേണ്ട ടിക്കറ്റ് ഉൾപ്പടെയുള്ള സഹായം വാഗ്ദാനം ചെയ്തു കൊണ്ട് രംഗത്തേക്ക് വരികയുണ്ടായി. ശേഷം ദിൽന, ഫാസി, ജിഷ, മഞ്ചു, സജന, ഷിനി തുടങ്ങി ഷീജയുൾപ്പെടുന്ന വനിത കൂട്ടാഴ്മ ടിക്കറ്റ് ഉൾപ്പടെയുള്ള സാമ്പത്തിക സഹായം നൽകിയാണ് ഇവരെ നാട്ടിലേക്ക് കയറ്റിവിട്ടത്.