ദുബായിലെ ജബല്‍ അലിയിൽ സഹിഷ്ണുതാ കോറിഡോറില്‍ ഒരുങ്ങുന്ന ഹിന്ദു ക്ഷേത്രത്തിന്റെ നിര്‍മാണം അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഒക്ടോബര്‍ നാലിന് ക്ഷേത്രത്തിന്റെ ഔപചാരിക ഉദ്ഘാടനം നടത്താനാണ് തീരുമാനമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. ദസറ ദിനമായ ഒക്ടോബര്‍ അഞ്ച് മുതല്‍ ക്ഷേത്രം വിശ്വാസികള്‍ക്കായി തുറന്നുകൊടുക്കും. സിഖ് ഗുരുദ്വാരയും ക്രിസ്തീയ ദേവാലയങ്ങളും മുസ്ലിം പള്ളികളും ഏറെയുള്ള ജബല്‍ അലി മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമായാണ് നിലകൊള്ളുന്നത്.
രണ്ടുഘട്ടങ്ങളിലായാണ് ക്ഷേത്രം വിശ്വാസികളെ സ്വാഗതം ചെയ്യുക. ആദ്യഘട്ടത്തിൽ ആരാധനാലയം മാത്രമായിട്ടായിരിക്കും തുറന്നുകൊടുക്കുക. മകരസംക്രാന്തി ദിനമായ ജനുവരി 14-ന് രണ്ടാംഘട്ടം തുറക്കും. ഈ ഘട്ടത്തിൽ വിവാഹം, പൂജ തുടങ്ങിയ ചടങ്ങുകൾക്കും ക്ഷേത്രത്തിൽ സൗകര്യമൊരുക്കും. ഒരേസമയം 1000-1200 പേരെ ഉൾക്കൊള്ളാൻ ക്ഷേത്രത്തിൽ സൗകര്യമുണ്ട്.