വിമാന ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നതിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം കേന്ദ്രസർക്കാർ പിൻവലിച്ചു. ഉയർന്ന നിരക്കിനും താഴ്ന്ന നിരക്കിനും ഏർപ്പെടുത്തിയിരുന്ന പരിധി എടുത്തുകളഞ്ഞതായി കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ട്വിറ്ററിലൂടെ അറിയിച്ചു.
കോവിഡിന്റെ പശ്ചാത്തലത്തിലാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. ഇനി വിമാന കമ്പനികൾക്ക് സ്വതന്ത്രമായി ടിക്കറ്റ് നിരക്ക് നിശ്ചയിക്കാം. വിമാന ഇന്ധനത്തിന്റെ വില വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു.
നിലവിൽ വിമാന കമ്പനികളിൽ പലതും വലിയ നഷ്ടം നേരിടുകയാണ്. നിയന്ത്രണം എടുത്തുകളഞ്ഞാൽ നഷ്ടത്തിൽ നിന്ന് കരകയറാൻ കഴിയുമെന്നാണ് കമ്പനികൾ പറയുന്നത്. ഉയർന്ന നിരക്കിനും താഴ്ന്ന നിരക്കിനും ഏർപ്പെടുത്തിയിരിക്കുന്ന പരിധി എടുത്തുകളഞ്ഞാൽ യാത്രക്കാർക്ക് ഡിസ്‌ക്കൗണ്ട് അനുവദിച്ച് കൂടുതൽ പേരെ വിമാനയാത്രയിലേക്ക് തിരിച്ചു കൊണ്ടുവരാൻ കഴിയുമെന്നും കമ്പനികൾ പറയുന്നു.നിയന്ത്രണം എടുത്തുകളയുന്നതോടെ മേഖലയിൽ സ്ഥിരത കൈവരുമെന്നാണ് സർക്കാർ പ്രതീക്ഷ. ഇത് ആഭ്യന്തര വ്യോമയാന മേഖലയുടെ വളർച്ചയ്ക്ക് സഹായകമാകുമെന്നും ജ്യോതിരാദിത്യ സിന്ധ്യ പറയുന്നു.