കേരളത്തിൽ അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴക്കും കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതുപ്രകാരം ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണുള്ളത്. ബാക്കിയുള്ള ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യപിച്ചിട്ടുണ്ട്. എല്ലാവരും ജാഗ്രത പാലിക്കണം. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്.
അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിലുള്ളവർ ആ മുന്നറിയിപ്പുകളോട് സഹകരിക്കേണ്ടതാണ്.എല്ലാ ജില്ലകളിലെയും ഐ ആർ എസ് (Incident Response System) ഉദ്യോഗസ്ഥർ ജില്ലാ കളക്ടറുടെ മുൻകൂറനുമതിയില്ലാതെ ജില്ല വിട്ട് പോകാൻ പാടുള്ളതല്ല.
കേരളത്തിന്റെ തീരമേഖലയിൽ ശക്തമായ കാറ്റു വീശാനുള്ള സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നു.