ദുബായ് വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്നും ബെൽറ്റ് ബക്കിളുകളുടെ ആകൃതിയിലുള്ള 24 കാരറ്റ് സ്വർണക്കട്ടികൾ പിടികൂടി.
കസ്റ്റംസിന്റെ ഹൈടെക് എക്‌സ്-റേ മെഷീനുകൾ വഴി സ്‌കാൻ ചെയ്തപ്പോഴാണ് വിദഗ്ധരായ ഇൻസ്‌പെക്ടർമാർ ഒരു ട്രാവലറുടെ ബാഗ് സംശയാസ്പദമായി കണ്ടെത്തിയത്. ബാഗിന്റെ ഇരുവശത്തും അസാധാരണമായ സാന്ദ്രത കണ്ടെത്തിയതായി ദുബായ് കസ്റ്റംസിലെ പാസഞ്ചർ ഓപ്പറേഷൻസ് വിഭാഗം ഡയറക്ടർ ഇബ്രാഹിം അൽ കമാലി പറഞ്ഞു.
ആദ്യം സംശയാസ്പദമായി തോന്നിയ യാത്രക്കാരന്റെ പക്കൽ നിന്നും 225,120 ദിർഹം വിലമതിക്കുന്ന 1.072 കിലോഗ്രാം സ്വർണവും പിന്നീട് വേറെ യാത്രക്കാരന്റെ പക്കൽ നിന്നും 260,610 ദിർഹം വിലമതിക്കുന്ന 1.24 കിലോഗ്രാം സ്വർണവുമാണ് പിടികൂടിയത്. പരിശോധനയിൽ, ബാഗിൽ കണ്ടെത്തിയ അസാധാരണമായ ബെൽറ്റ് ബക്കിളുകൾ പെയിന്റ് ചെയ്ത സ്വർണ്ണക്കട്ടികളാണെന്ന് ഇൻസ്പെക്ടർമാർ സ്ഥിരീകരിച്ചു.
മറ്റൊരു യാത്രക്കാരന്റെ ലഗേജിലും ഇതേ ക്രമക്കേട് കണ്ടെത്തി. തുടർന്ന് ഇരുവർക്കുമെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചു. ലോകത്തെ ഏറ്റവും നൂതനമായ സംവിധാനങ്ങളിലൊന്നാണ് ദുബായ് കസ്റ്റംസിൽ ഉള്ളതെന്ന് അൽ കമാലി പറഞ്ഞു.