യു.എ.ഇയിൽ സമീപകാലത്തുണ്ടായ വലിയ ദുരന്തമായ ഫുജൈറയിലെ പ്രളയത്തിൽ സന്നദ്ധ സേവനങ്ങൾക്ക് നേതൃപരമായ പങ്കു വഹിച്ച കെ.എം.സി.സിയെ ഫുജൈറ ഭരണകൂടം പുരസ്കാര പത്രം നൽകി ആദരിച്ചു. ഫുജൈറ ക്രൗൺ പ്രിൻസ് ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ശർഖിയുടെ കൈയൊപ്പോടു കൂടെയുള്ള അശീർവാദ പത്രം ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പദവി ഏറ്റടുത്ത ശേഷം ആദ്യമായി യു.എ.ഇ സന്ദർശിക്കുന്ന സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ കെഎംസിസി ക്കു വേണ്ടി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മന്റ് വിഭാഗം മേധാവി താരിഖ് അൽ അനാഹിൽ നിന്ന് ഏറ്റു വാങ്ങി .
ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളായ ദുബായ്, ഷാർജ, ഫുജൈറ സംസ്ഥാനങ്ങളിൽ നിന്നുള്ള വളണ്ടിയേഴ്സിന് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളും, ചേംബർ ഓഫ് കൊമേഴ്സ് ഡയറക്ടർ താരിഖ് മുഹമ്മദ് ഇബ്രാഹിമും ചേർന്ന് ഫുജൈറ ഗവർമെന്റിന്റെ പുരസ്ക്കാരങ്ങൾ വിതരണം ചെയ്തു. സന്നദ്ധ സേവനങ്ങൾക്ക് ആഗോളാടിസ്ഥാനത്തിൽ മാതൃകയാക്കാൻ കഴിയുന്ന സംഘടനയാണ് കെ.എം.സി.സിയെന്നും ചാരിറ്റി പ്രവർത്തങ്ങൾക്കായി യു.എ.ഇ കെ.എം.സി.സി ചിലവിടുന്ന വിഹിതം ഗവണ്മെന്റ് ബജറ്റുകളെ മറികടക്കുമെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു.
ഫുജൈറയിലുണ്ടായ അപ്രതീക്ഷിത പ്രളയത്തിൽ രക്ഷാപ്രവർത്തനങ്ങൾക്കും പുനരധിവാസ യജ്ഞങ്ങൾക്കും നേതൃത്വം നൽകി മുന്നിട്ടിറങ്ങിയ കെ.എം.സി.സിയുടെ പ്രവർത്തനങ്ങൾ സ്വദേശികൾ ഉൾപ്പെടെയുള്ള പൗരസമൂ ഏറെ ആദരവോടെയാണ് നോക്കിക്കണ്ടത്. ഏവരാലും പുരസ്കരിക്കപ്പെട്ടിരുന്നു. കോവിഡ് കാലത്ത് ലോക്ക്ഡൗണിൽ ഒറ്റപ്പെട്ടുപോയ പ്രവാസി സമൂഹത്തിന് ആശ്വാസമായത് യു.എ.ഇ കെ.എം.സി.സിയുടെ നേതൃത്വത്തിൽ പറന്നുയർന്ന ഇരുനൂറോളം ചാർട്ടേഡ് വിമാനങ്ങളായിരുന്നു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അനുസ്മരിച്ചു.
ഫുജൈറ ഇന്ത്യൻ സോഷ്യൽ ക്ലബ് ഓഡിറ്റോറിയത്തിലെ പ്രൗഢമായ ചടങ്ങ് യു.എ.ഇ കെ.എം.സി.സി നാഷണൽ കമ്മിറ്റി പ്രസിഡണ്ട് ഡോക്ടർ പുത്തൂർ റഹ്മാൻ അധ്യക്ഷത വഹിച്ചു, അഡ്വൈസറി ബോർഡ് ചെയർമാൻ ഷംസുദ്ദീൻ ബിൻ മുഹിയുദീൻ ഉൽഘടനം ചെയ്തു. യു.എ.ഇ കെ.എം.സി.സി ജനറൽ സെക്രട്ടറി അൻവർ നഹ മുഖ്യ പ്രഭാഷണം നടത്തി. നാഷണൽ കമ്മിറ്റി ട്രഷറർ നിസാർ തളങ്കര, ഫുജൈറ കെ.എം.സി.സി അഡ്വൈസറി ബോർഡ് ചെയർമാൻ വി.എം സിറാജുദ്ധീൻ, ഭാരവാഹികളായ അഡ്വ. മുഹമ്മദലി, നിഷാദ് പയേത്ത്, മുസ്തഫ താണിക്കൽ, ടി.കെ ഇബ്രാഹീം, അയ്യൂബ് കാസർകോട്, ഹനീഫ് കൊക്കച്ചാൽ, ഐ.എസ്.സി വൈസ് പ്രസിഡന്റ് സുഭഗൻ തങ്കപ്പൻ സംസാരിച്ചു. ഫുജൈറ കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് ബഷീർ ഉളിയിൽ സ്വാഗതവും ആക്ടിങ് പ്രസിഡന്റ് മുഹമ്മദലി ആയഞ്ചേരി നന്ദിയും പറഞ്ഞു.