എക്‌സ്‌പോ സിറ്റി ദുബായുടെ ജനപ്രിയമായ രണ്ട് പവലിയനുകൾ സെപ്റ്റംബർ 1 ന് തുറന്നതിന് പിന്നാലെ എക്‌സ്‌പോ 2020 ദുബായുടെ പൈതൃക സൈറ്റായ ഈ നഗരം നാളെ ഒക്‌ടോബർ 1 ശനിയാഴ്ച ഔദ്യോഗികമായി തുറക്കും. ലോകത്തെ അതിശയിപ്പിച്ച കാഴ്ചകൾ ഇനി നാളെ മുതൽ കാണാനാകും.
എമിറേറ്റിന്റെ സർഗ്ഗാത്മകവും സംരംഭകവുമായ ചൈതന്യത്തിന്റെ ആഘോഷം സംഘാടകർ വാഗ്ദാനം ചെയ്യുന്ന ‘അവേക്കനിംഗ് ഓഫ് അൽ വാസൽ’ ഷോ വൈകുന്നേരം 6.15 ന് ആരംഭിക്കും. എല്ലാ ആഴ്‌ചയും ബുധൻ മുതൽ ഞായർ വരെ വർണ്ണാഭമായ പ്രൊജക്ഷൻ ഡിസ്‌പ്ലേകളാൽ വിശാലമായ താഴികക്കുടം പ്രകാശിക്കും, കൂടാതെ പ്രവേശനം സൗജന്യമാണ്.
എക്‌സ്‌പോ 2020 ദുബായ് ലോകത്തെ എമിറേറ്റിലേക്ക് സ്വാഗതം ചെയ്‌തതിന് ശേഷം ഒക്ടോബർ 1 ഉദ്ഘാടന പരിപാടിക്ക് ഒരു വർഷം തികയുകയാണ്. എക്സ്പോ സിറ്റിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. എന്നാൽ, പവിലിയൻ സന്ദർശനത്തിന് 50 ദിർഹം വീതമാണ് ടിക്കറ്റ് നിരക്ക്. എക്സ്പോ സിറ്റി വെബ്സൈറ്റിലൂടെയും 4 ബോക്സ് ഓഫിസുകളിലൂടെയും ടിക്കറ്റുകൾ ലഭ്യമാണ്.