ഷാർജയിൽ പുതിയ എംബാമിങ് കേന്ദ്രം ഉടൻ പ്രവർത്തനമാരംഭിക്കും. ഷാര്‍ജ വിമാനത്താവളത്തിനടുത്ത് അൽ റിഫ പാർക്കിന് സമീപമാണ് പുതിയ എംബാമിങ് കേന്ദ്രം തുറക്കുന്നത്. ഒക്ടോബര്‍ പകുതിയോടെ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യുഎഇയുടെ വടക്കൻ എമിറേറ്റുകളായ ഷാര്‍ജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, ഫുജൈറ എന്നിവിടങ്ങളിൽ മരണമടയുന്ന പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്ന നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ഷാര്‍ജയിൽ എംബാമിങ് കേന്ദ്രം തുറക്കുന്നതോടെ സാധിച്ചേക്കും.
ദുബായ് സോനാപൂരിലുള്ള എംബാമിങ് കേന്ദ്രത്തിൽ നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കിയാണ് നിലവിൽ ഷാര്‍ജ വിമാനത്താവളം വഴി മൃതദേഹങ്ങൾ കൊണ്ട് പോകുന്നത്. 2200 ദിർഹമാണ് ഒരു മൃതദേഹം എംബാം ചെയ്യുന്നതിന് ഷാർജയിലെ കേന്ദ്രത്തിൽ ഈടാക്കുകയെന്നാണ് സൂചന.