പ്രവാസി കമ്മ്യൂണിറ്റികൾക്കായി പുതിയ ബഹുഭാഷാ വിദ്യാഭ്യാസ റേഡിയോ സ്റ്റേഷൻ യുഎഇയിൽ ആരംഭിച്ചു.
യുഎഇയിൽ ആരംഭിച്ച ഓൺലൈൻ റേഡിയോ പ്രാഥമികമായി ഇംഗ്ലീഷിലും മലയാളത്തിലും പ്രവർത്തിക്കുന്ന ദ്വിഭാഷാ സ്റ്റേഷൻ ഹിന്ദി, തമിഴ്, ബംഗാളി, മറ്റ് ഇന്ത്യൻ ഭാഷകളിലെ വിനോദ-വിദ്യാഭ്യാസ പരിപാടികളും സംയോജിപ്പിക്കും.
“വിദ്യാർത്ഥികളെയും കുടുംബങ്ങളെയും വിദ്യാഭ്യാസത്തെയും ഒരുപോലെ ലക്ഷ്യം വെക്കുന്ന ഒരു നല്ല ആശയത്തോടെയാണ് റേഡിയോ 360 ആരംഭിച്ചിരിക്കുന്നത്. രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് വിഭാവനം ചെയ്തതുപോലെ, കുടുംബങ്ങളും വിദ്യാഭ്യാസവും ഒരുപോലെ ഉൾക്കൊള്ളുന്ന ഒരു സംസ്കാരം പിന്തുടരുന്ന രാജ്യമാണ് യുഎഇ,” ഉദ്ഘാടന വേളയിൽ പ്രശസ്ത അറബ് മാധ്യമ പ്രവർത്തകൻ അബു റാഷിദ്, പറഞ്ഞു.
360 റേഡിയോ അതിന്റെ വിദ്യാഭ്യാസ പരിപാടികളും വെബ്‌സൈറ്റിൽ പോഡ്‌കാസ്റ്റുകളായി ലഭ്യമാക്കും, അതേസമയം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സമകാലിക സംഭവങ്ങളും പ്രവാസി വാർത്തകളും അവതരിപ്പിക്കുമെന്ന് അജ്മാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി വൈസ് ചെയർമാനും 360 റേഡിയോ ചെയർമാനുമായ ഷെയ്ഖ് സുൽത്താൻ ബിൻ സഖർ അൽ നുഐമി ഉദ്ഘാടന ചടങ്ങിനിടെ പറഞ്ഞു.