സ്നേഹനിറവിൻ്റെ നടുവണ്ണൂരോണം ദുബായിൽ ആഘോഷിച്ചു.
ഐക്യമുദ്ര അടയാളപ്പെടുത്തിയ നടുവണ്ണൂരകം ലോഗോ പൂവിട്ടൊരുക്കിയ പൂക്കളത്തെ സാക്ഷിയാക്കി ഇരുനൂറോളം കുടുംബാംഗങ്ങൾ ഒത്തുകൂടിയ ചടങ്ങിൽ വിഭവസമൃദ്ധമായ ഓണസദ്യയോടെയായിരുന്നു തുടക്കം. കുട്ടികൾക്കും വനിതകൾക്കും വേണ്ടി വിവിധ കലാ കായിക വിനോദ പരിപാടികൾ പിന്നീട് നടന്നു. കസേരകളി, ലെമൺ സ്പൂൺ റേസ്, ബലൂൺ ബ്രേക്കിംഗ് തുടങ്ങിയ ഇനങ്ങൾ രസാവഹമായിരുന്നു.
സംഗീത ഹാസ്യമേളയും വലിയ ആകർഷണമായിരുന്നു. വിവിധ വാർഡ് ടീമുകൾ അണിനിരന്ന ആവേശകരമായ വടംവലി മത്സരത്തോടെയാണ് ആഘോഷ പരിപാടികൾ സമാപിച്ചത്.
പ്രവാസലോകത്തെ നടുവണ്ണൂർക്കാരുടെ പൊതുവേദിയായ നടുവണ്ണൂരകം സാമൂഹ്യ സാംസ്കാരിക സേവനമേഖലകളിൽ നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് പ്രമുഖ മാധ്യമ പ്രവർത്തകരായ എം.സി. എ. നാസറും ആർ.ജെ. ഫസ് ലുവും അഭിപ്രായപ്പെട്ടു. കേരള ടൂറിസം വകുപ്പും കോഴിക്കോട് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്ന് നടത്തിയ ഓണാഘോഷം 2022 ൻ്റെ ലോഗോ ഡിസൈനിംഗിൽ വിജയിച്ച കെ.കെ.അൽത്താഫിനെയും ചടങ്ങിൽ നടുവണ്ണൂരകം ആദരിച്ചു.