കോവിഡ് നിയന്ത്രണങ്ങൾ അവസാനിച്ചതിന് ശേഷമുള്ള ദക്ഷിണ കൊറിയയിലെ ആദ്യത്തെ ഏറ്റവും വലിയ ഹലോവിൻ ആഘോഷത്തിന്റെ തിക്കിലും തിരക്കിലും പെട്ട് 149 മരണം. ശനിയാഴ്ച രാത്രി സിയോളിലെ ഒരു ജനപ്രിയ നൈറ്റ് ലൈഫ് ഡിസ്ട്രിക്റ്റിലെ ഇടുങ്ങിയ ഇടവഴിയിലൂടെ ആഘോഷത്തിൽ പങ്കെടുക്കാനെത്തിയവർ ഇടിച്ചുകയറുന്നതിനിടെ ആയിരുന്നു അപകടം. മരിച്ചവരിൽ കൂടുതലും കൗമാരക്കാരും യുവാക്കളുമാണ്.
സംഭവത്തിന്റെ കാരണം അന്വേഷിച്ചുവരികയാണ്. കുറഞ്ഞത് 76 പേർക്ക് പരിക്കേറ്റതായും യോങ്‌സാൻ-ഗു ഫയർ ഡിപ്പാർട്ട്‌മെന്റ് മേധാവി ചോയ് സിയോങ്-ബം പറഞ്ഞു.
ദക്ഷിണ കൊറിയയിലെ ആദ്യത്തെ ഹലോവീൻ ആഘോഷം ആസ്വദിക്കാൻ ഇറ്റവോൺ നിശാക്ലബ് ജില്ലയിലേക്ക് ജനം ഒഴുകിയെത്തിയിരുന്നു. കോവിഡ് മഹാമാരി സമയത്ത് ഏർപ്പെടുത്തിയ ആൾക്കൂട്ട പരിധിയും ഫേസ്മാസ്ക് നിയമങ്ങളും എടുത്തുകളഞ്ഞതിന് ശേഷം ഉണ്ടായ ആഘോഷത്തിൽ പങ്കെടുക്കാൻ നാട്ടുകാർ ഇരച്ചുകയറുകയായിരുന്നു. ദുരന്തം സംഭവിക്കുന്നതിനും മുമ്പുതന്നെ, ഇടുങ്ങിയ തെരുവുകളിൽ ആളുകൾ തിങ്ങിനിറഞ്ഞിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.