യുഎഇയിലെ അബുദാബിയിൽ മസ്തിഷ്ക മരണം സംഭവിച്ചയാളുടെ ഹൃദയം എയർലിഫ്റ്റ് ചെയ്ത് സൗദി അറേബ്യയിൽ ഹൃദയസ്തംഭനമുണ്ടായ 50 വയസ്സുള്ള രോഗിയുടെ ജീവൻ രക്ഷിച്ചു.
കിംഗ് ഫൈസൽ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിൽ നിന്നുള്ള ഒരു മെഡിക്കൽ സംഘമാണ് അബുദാബിയിലെ ക്ലീവ്‌ലാൻഡ് ക്ലിനിക്കിലെത്തി ദാതാവിന്റെ ഹൃദയം നീക്കം ചെയ്യുന്ന ശസ്ത്രക്രിയ നടത്തിയത്.
മരിച്ചയാളുടെ ബന്ധുക്കളുടെ അംഗീകാരം നേടിയ ശേഷം, അവയവദാന പ്രക്രിയ ഏകദേശം നാല് മിനിറ്റോളം നീണ്ടുനിന്നു. തുടർന്ന് റിയാദിലെത്തിച്ച അവയവം 4 മണിക്കൂറിനുള്ളിൽ ആശുപത്രിയിൽ എത്തിച്ചു. പൂർണ സജ്ജരായ സാങ്കേതിക സംഘവും മെഡിക്കൽ ഇവാക്വേഷൻ ടീമും ചേർന്നാണ് ഹൃദയം എത്തിച്ചത്.
സൗദി അറേബ്യൻ രോഗിക്ക് പുതുജീവൻ നൽകി റിയാദിൽ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായിരുന്നു. ആളുകളുടെ ജീവൻ രക്ഷിക്കാൻ അടിയന്തര ആവശ്യമുണ്ടെങ്കിൽ ശരീരാവയവങ്ങൾ കൈമാറുന്ന കരാറിൽ ഗൾഫ് രാജ്യങ്ങൾ ഒപ്പുവച്ചതിനെത്തുടർന്നാണ് ഇത് സാധ്യമായത്.