മധ്യ ആഫ്രിക്കൻ രാജ്യമായ ഇക്വറ്റോറിയൽ ഗിനിയയിൽ തടവിൽ കഴിയുന്ന 16 ഇന്ത്യൻ നാവികരുടെ മോചനത്തിനായി ഇടപെടൽ ഊർജ്ജിതമാക്കിയെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. എല്ലാ ക്രൂ അംഗങ്ങളും സുരക്ഷിതരാണെന്നും, തടങ്കൽ കേന്ദ്രത്തിലുള്ളവരെ കപ്പലിലേക്ക് മാറ്റിയതായും ഗിനിയയിലെ ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു.
ക്രൂ അംഗങ്ങളുമായി ഫോണിൽ നിരന്തരം ബന്ധപ്പെടുന്നുണ്ട്. അബുജയിലെ ഹൈക്കമ്മീഷനും ഗിനിയയിലെയും നൈജീരിയയിലെയും അധികാരികളുമായി ചേർന്ന് എം.വി ഹീറോയിക് ഇഡൂണിന്റെ ക്രൂ അംഗങ്ങളെ മോചിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്നുണ്ടെന്നും എംബസി അറിയിച്ചു.
മൂന്നു മലയാളികൾ ഉൾപ്പെടെ 16 ഇന്ത്യക്കാരും 10 വിദേശികളും അടങ്ങുന്ന സംഘം മൂന്നു മാസമായി തടങ്കലിലാണ്. കടൽക്കൊള്ളക്കാരെന്ന തെറ്റിദ്ധാരണയിലാണ് -ഇക്വറ്റോറിയൽ ഗിനിയ നാവികസേന ഇവരെ കസ്റ്റഡിയിലെടുത്തത്. കപ്പൽ ഉൾപ്പെടെ കൈമാറി വിചാരണ ചെയ്യണമെന്നാണ് നൈജീരിയൻ നാവികസേനയുടെ ആവശ്യം.