ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് രണ്ടാം സെമിയിൽ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. ആദ്യ സെമിയിൽ ന്യൂസിലൻഡിനെ തോൽപ്പിച്ച് പാകിസ്ഥാൻ ഫൈനൽ ബർത്തുറപ്പിച്ചു. ഇന്ത്യ-പാകിസ്ഥാൻ കലാശപ്പോരാട്ടമാണ് ആരാധകർ കൊതിക്കുന്നത്. അഡ്ലെയ്ഡിൽ യു എ ഇ സമയം ഉച്ചയ്ക്ക് 12 മണിക്കാണ് മത്സരം.
ഗ്രൂപ്പുഘട്ടത്തിൽ ഇംഗ്ലണ്ടിനേക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചാണ് ഇന്ത്യ സെമിയിലെത്തിയത്. ലോക ഒന്നാം നമ്പർ ടീമായ ഇന്ത്യ ഗ്രൂപ്പ് രണ്ടിലെ ചാംപ്യൻമാരായാപ്പോൾ രണ്ടാം സ്ഥാനക്കാരായാണ് ലോക രണ്ടാം നമ്പർ ടീമായ ഇംഗ്ലണ്ട് സെമിയിലെത്തിയത്. സൂപ്പർ 12ൽ അഞ്ചു കളിയിൽ നാലിലും ജയിക്കാൻ ഇന്ത്യക്കായിരുന്നു. ചിരവൈരികളായ പാക്കിസ്ഥാനെ നാലു വിക്കറ്റിനും നെതർലാൻഡ്സിനെ 56 റൺസിനും ബംഗ്ലാദേശിനെ മഴ നിയമപ്രകാരം അഞ്ച് റൺസിനും സിംബാബ് വെയെ 71 റൺസിനുമാണ് ഇന്ത്യ തോൽപ്പിച്ചത്. സൗത്താഫ്രിക്കയോട് അഞ്ചു വിക്കറ്റിന് തോറ്റത് മാത്രമാണ് ഇന്ത്യക്കേറ്റ തിരിച്ചടി.
ഗ്രൂപ്പ് ഒന്നിൽ മികച്ച നെറ്റ് റൺറേറ്റിന്റെ പിൻബലത്തിലാണ് ഇംഗ്ലണ്ട് സെമി ഫൈനലിലെത്തിയത്. അഞ്ചു മൽസരങ്ങളിൽ ന്യൂസിലാൻഡ്, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നീ മൂന്നു ടീമുകൾക്കും ഏഴു പോയിൻറ് വീതമാണ് ലഭിച്ചത്. മികച്ച നെറ്റ് റൺറേറ്റിൽ കിവികൾ ഒന്നാമതും ഇംഗ്ലണ്ട് രണ്ടാമതുമെത്തി. അഫ്ഗാനിസ്താൻ, ന്യൂസിലാൻഡ്. ശ്രീലങ്ക എന്നിവരെ പരിചയപ്പെടുത്തിയപ്പോൾ അയർലൻഡിനോടു അട്ടിമറിത്തോൽവിയേറ്റുവാങ്ങിയത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. ഓസ്ട്രേലിയയുമായുള്ള മൽസരം മഴ കാരണം ഉപേക്ഷിക്കപ്പെട്ടു.