ഇന്ത്യയെ തകർത്ത് ഇംഗ്ലണ്ട് ഫൈനലിൽ. അഡ്ലെയ്ഡ് ഓവലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 16 ഓവറില്‍ വിക്കറ്റൊന്നും നഷ്ടമാവാതെ ലക്ഷ്യം മറികടന്നു.
തുടക്കം മുതൽ ആക്രമിച്ചുകളിച്ച ഇംഗ്ലീഷ് ഓപ്പണർമാർക്കു മുന്നിൽ ഇന്ത്യൻ ബൗളർമാർക്ക് മറുപടി ഉണ്ടായില്ല. ഇന്ത്യ ആദ്യ പവർപ്ലേയിൽ 38 റൺസ് നേടിയപ്പോൾ ഇംഗ്ലണ്ട് നേടിയത് 63 റൺസ്. ബൗളർമാർ മാറിമാറി പന്തെറിഞ്ഞെങ്കിലും ഇംഗ്ലണ്ട് ഓപ്പണർമാർ അനായാസം റൺസ് കണ്ടെത്തി. 28 പന്തുകളിൽ ഹെയിൽസ് ഫിഫ്റ്റി തികച്ചപ്പോൾ 36 പന്തിൽ ബട്ലറും അർധസെഞ്ചുറിയിലെത്തി. ആദ്യ പത്ത് ഓവറിൽ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 68 റൺസ് ആയിരുന്നെങ്കിൽ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമില്ലാതെ അടിച്ചെടുത്തത് 98 റൺസ്. ഫിഫ്റ്റിക്ക് പിന്നാലെ ബട്ലർ ആഞ്ഞടിച്ചപ്പോൾ ഇംഗ്ലണ്ടിൻ്റെ ജയം എളുപ്പമായി.