ഷാർജയിലുണ്ടായ വാഹനാപകടത്തിൽ ഒരു ഏഷ്യൻ പ്രവാസി സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പോലീസ് അറിയിച്ചു. സംഭവസ്ഥലത്ത് നിന്ന് കടന്ന് കളഞ്ഞ ഡ്രൈവറെ 48 മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്തു.
ഏഷ്യൻ പ്രവാസി ആറുവരിപ്പാതയുള്ള മുഹമ്മദ് ബിൻ സായിദ് റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് യുവാവ് ഓടിച്ച കാർ ഇയാളെ ഇടിക്കുകയായിരുന്നുവെന്ന് ഷാർജ പോലീസ് അറിയിച്ചു. ബുധനാഴ്ച വൈകുന്നേരം 6.38 ഓടെയാണ് സംഭവത്തെക്കുറിച്ച് തങ്ങൾക്ക് റിപ്പോർട്ട് ലഭിച്ചതെന്ന് ഷാർജ പോലീസിലെ ട്രാഫിക് ആൻഡ് പട്രോൾസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ ഒമർ മുഹമ്മദ് ബൗ ഗാനേം പറഞ്ഞു. ദുബായ് ദിശയിലുള്ള ഷെയ്ഖ് ഖലീഫ പാലത്തിന് സമീപമാണ് സംഭവം.
ജാഗ്രതാ നിർദേശം ലഭിച്ചയുടൻ ഷാർജ പൊലീസ് സ്ഥലത്തെത്തിയെങ്കിലും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ഡ്രൈവറെ തിരിച്ചറിയാൻ സാധിച്ചു.
സംഭവത്തിന് തൊട്ടുപിന്നാലെ ആരംഭിച്ച അന്വേഷണത്തിൽ 20 വയസ്സുള്ള വാഹനമോടിക്കുന്നയാളെ അറസ്റ്റ് ചെയ്തു. തുടർന്ന് പബ്ലിക് പ്രോസിക്യൂഷനിൽ കേസ് ഫയൽ ചെയ്തു. 140 കിലോമീറ്റർ വേഗതയിൽ വാഹനങ്ങൾ സഞ്ചരിക്കുന്ന ഹൈവേകൾ അനധികൃതമായി കടക്കുന്നതിനെതിരെ ലെഫ്റ്റനന്റ് കേണൽ ബൗ ഗാനേം കാൽനടയാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.