ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 2050-ഓടെ എമിറേറ്റിലെ പൊതുഗതാഗതത്തിൽ സീറോ എമിഷൻ എന്ന മാർഗരേഖയ്ക്ക് ഇന്ന് ബുധനാഴ്ച അംഗീകാരം നൽകി.
ദുബായ് ഡെപ്യൂട്ടി ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയും കൗൺസിൽ ഡെപ്യൂട്ടി ചെയർമാനുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സാന്നിധ്യത്തിൽ കൗൺസിൽ യോഗത്തിൽ അധ്യക്ഷത വഹിച്ച ഷെയ്ഖ് ഹംദാൻ സീറോ എമിഷൻ പദ്ധതി അംഗീകാരം നൽകുകയായിരുന്നു.
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരമാണ് ദുബൈയുടെ സ്ഥാനം സുസ്ഥിരതയുടെയും ഹരിത പരിവർത്തനത്തിന്റെയും ആഗോള മാതൃകയായി സ്ഥാപിക്കാനുള്ള നീക്കം.
“സുസ്ഥിരതയുടെയും ഹരിത പരിവർത്തനത്തിന്റെയും ആഗോള മാതൃകയായി ദുബായിയെ സ്ഥാപിക്കുന്നതിന് നമ്മൾ കൂട്ടായി പ്രവർത്തിക്കേണ്ടതുണ്ട്. കാലാവസ്ഥാ വ്യതിയാനം കുറയ്ക്കുന്നതിന് അനുകൂലമായ പാരിസ്ഥിതിക ആഘാതത്തോടെ ഹരിത സംരംഭങ്ങൾ നടപ്പിലാക്കുന്നത് തുടരാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്,” ഷെയ്ഖ് ഹംദാൻ പറഞ്ഞു.