ദുബായിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെസിഡൻഷ്യൽ സ്ട്രക്ചർ വികസിപ്പിക്കുന്നതിനുള്ള ഒരു പ്രോജക്റ്റ് ബുർജ് ബിൻഹാട്ടി ജേക്കബ് & കോ റെസിഡൻസസ് പ്രഖ്യാപിച്ചു.
ദുബായ് ആസ്ഥാനമായുള്ള രണ്ട് റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാർ “ബിൻഹാട്ടി ജേക്കബ് & കോ റെസിഡൻസസ്” എന്ന പേരിലാണ് ഈ പ്രോജക്റ്റ് പ്രഖ്യാപിച്ചിരിക്കുന്നത്.
100-ലധികം നിലകളുമായി ”ബുർജ് ബിൻഹാട്ടി എന്ന ടവർ ഉയരത്തിൽ നിലവിലെ ഏറ്റവും ഉയരം കൂടിയ ന്യൂയോർക്കിലെ സെൻട്രൽ പാർക്ക് ടവറിനെ മറികടക്കും. നവംബർ 16-ന് കൊക്കകോള അരീനയിൽ നടന്ന ആഘോഷമായ ലോഞ്ച് പരിപാടിയിലാണ് ടവറിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയത്.
റിയൽ എസ്റ്റേറ്റ്, വാച്ച് മേക്കിംഗ് മേഖലകളിലെ രണ്ട് ആഗോള ബ്രാൻഡുകൾ തമ്മിൽ ഒരുമിച്ചുള്ള ഇത്തരത്തിലുള്ള ഒരു പ്രൊജക്റ്റ് യു എ ഇയിൽ ആദ്യത്തേതാണ്. ബിസിനസ് ബേയിലാണ് ഈ റസിഡൻഷ്യൽ ടവർ ഉയരുക . ആഡംബരപൂർണ്ണമായ രണ്ട് കിടപ്പുമുറികളും മൂന്ന് കിടപ്പുമുറികളുമുള്ള മാതൃകയിലാണ് ഓരോ നിലകളും ഒരുങ്ങുന്നത്. ഈ റസിഡൻഷ്യൽ ടവറിന്റെ കൃത്യമായ ഉയരം എത്രയായിരിക്കും എന്നത് സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ അധികൃതർ ഇത് വരെ പുറത്ത് വിട്ടിട്ടില്ല.
“സമാനതകളില്ലാത്ത അംബരചുംബികൾ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെസിഡൻഷ്യൽ നിർമ്മാണങ്ങളിൽ ഒന്നായി ഒരു റെക്കോർഡ് സ്ഥാപിക്കാൻ ലക്ഷ്യമിടുന്നു,” ബിൻഹാട്ടി പ്രസ്താവനയിൽ പറയുന്നു.