ഷാർജയിലെ നിരവധി കടകളിൽ അതിക്രമിച്ച് കയറി മോഷണം നടത്തിയ അഞ്ച് ഏഷ്യൻ വംശജരെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു.
മൊബൈൽ ഫോണുകൾ, വാച്ചുകൾ, ലാപ്ടോപ്പുകൾ, ടാബ്ലെറ്റുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, വിവിധ തുകകൾ എന്നിവയുൾപ്പെടെയുള്ള സാധനങ്ങൾ മോഷ്ടിച്ചതായി പ്രതികൾ സമ്മതിക്കുകയും ചെയ്തു. ഇവർക്കെതിരായ നിയമനടപടികൾ പൂർത്തിയാക്കാൻ പബ്ലിക് പ്രോസിക്യൂഷനിലേക്ക് മാറ്റിയിരിക്കുകയാണെന്ന് ഷാർജ പോലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ കേണൽ ഫൈസൽ ബിൻ നാസർ പറഞ്ഞു.
ഉയർന്ന നിലവാരമുള്ള സിസിടിവി സംവിധാനവുമായി സ്റ്റോറുകൾ ബന്ധിപ്പിക്കുക, വാതിലുകൾ സുരക്ഷിതമാക്കുക, വലിയ തുകകൾ ഷോപ്പിൽ വെക്കാതിരിക്കുക, വിലപിടിപ്പുള്ള വസ്തുക്കൾ സുരക്ഷിതമായ സ്ഥലങ്ങളിൽ സൂക്ഷിക്കുക എന്നിങ്ങനെയുള്ള സുരക്ഷാ, പ്രതിരോധ നടപടികൾ അവരുടെ പരിസരത്ത് ശക്തമാക്കാൻ അദ്ദേഹം ബിസിനസ്സ് ഉടമകളോട് അഭ്യർത്ഥിച്ചു.
ഷാർജയിലെ കടകളിൽ മോഷണം നടത്തിയതിന് അറസ്റ്റിലായ സംഘത്തെ പിടികൂടിയ ഷാർജ പോലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് അൽ സാരി അൽ ഷംസി കുറ്റകൃത്യങ്ങൾ തടയുന്നതിലും സുരക്ഷ വർധിപ്പിക്കുന്നതിലും സിഐഡിയുടെ ശ്രമങ്ങളെ പ്രശംസിച്ചു.