നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങേണ്ട നാല് വിമാനങ്ങൾ കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് വഴി തിരിച്ചുവിട്ടു. തിരുവനന്തപുരത്തേക്കാണ് വിമാനങ്ങൾ വഴി തിരിച്ചുവിട്ടത്. എയർ ഇന്ത്യയുടെ ഷാർജയിൽ നിന്നുള്ള വിമാനം, എമിറേറ്റ്‌സിന്റെ ദുബായിൽ നിന്നുള്ള വിമാനം ഗൾഫ് എയറിന്റെ ബഹറൈനിൽ നിന്നുള്ള വിമാനം എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ദോഹയിൽ നിന്നുള്ള വിമാനം എന്നിവയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറക്കാനാകാതെ വിഴിതിരിച്ചുവിട്ടത്.
വ്യാഴാഴ്ച പുലർച്ചെ മുതൽ കൊച്ചിയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മൂടൽ മഞ്ഞാണ് അനുഭവപ്പെടുന്നത്. കാഴ്ച പരിധി കുറയ്ക്കത്തക്ക വിധത്തിലാണ് മൂടൽ മഞ്ഞ് രൂപപ്പെട്ടിരിക്കുന്നത്. കൊച്ചിയിൽ ഇതാദ്യമായാണ് ഇത്തരത്തിൽ മൂടൽ മഞ്ഞ് അനുഭവപ്പെടുന്നത്. ബുധനാഴ്ച രാത്രി എറണാകുളം ജില്ലയിൽ ശക്തമായ മഴ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കനത്ത മൂടൽ മഞ്ഞ് രൂപപ്പെട്ടത്.